ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷിയുടെ നിലപാടിനെ പ്രശംസിച്ച് മുൻ നേവി അഡ്മിറലിന്റെ ഭാര്യ ലളിത രാംദാസ്. പഹൽഗാം ആക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും പുറത്തും നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ ഹിമാൻഷി രംഗത്തെത്തിയിരുന്നു. ആരും മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ പോകരുതെന്നും സമാധാനമാണ് നമുക്ക് വേണ്ടത് എന്നുമായിരുന്നു ഹിമാൻഷിയുടെ പ്രതികരണം.”ആളുകൾ മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ പോകുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമാധാനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, സമാധാനം മാത്രം. തീർച്ചയായും ഞങ്ങൾക്ക് നീതി വേണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം”- എന്നായിരുന്നു വ്യാഴാഴ്ച ഹരിയാനയിലെ കർണാലിൽ രക്തദാന ക്യാമ്പിന് എത്തിയപ്പോൾ ഹിമാൻഷിയുടെ പ്രതികരണം.
”ഹിമാൻഷി, നീയാണ് പട്ടാളക്കാരന്റെ ഉത്തമ ഭാര്യ, സൈനിക സേവനത്തോടും നമ്മുടെ ഭരണഘടനയോടും മതേതര മൂല്യങ്ങളോടും യഥാർഥ വിശ്വസ്തത പുലർത്തുന്നു”- ലളിത രാംദാസ് പറഞ്ഞു. അന്തരിച്ച അഡ്മിറൽ ലക്ഷ്മി നാരായൺ രാംദാസിന്റെ ഭാര്യയാണ് ലളിത. ഇവരുടെ ഭർത്താവ് അഡ്മിറൽ രാം ദാസ് കടാരിയും മുൻ നാവിക ഉദ്യോഗസ്ഥനാണ്. ”നാവിക സേന ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ കൂട്ടായ്മയിൽ ഏറ്റവും പുതിയതും ഇളയവളുമായവൾക്ക് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നാവികസേനാ ഉദ്യോഗസ്ഥന്റെ ഭാര്യമാരിൽ നിന്നും പെൺമക്കളിൽ നിന്നുമുള്ള ഒരാളുടെ വ്യക്തിപരമായ ആദരാഞ്ജലിയാണിത്”.
“മാധ്യമങ്ങളോട് നിങ്ങൾ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും കാണുമ്പോൾ എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു. 22-ാം തീയതി പഹൽഗാമിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് മുസ്‌ലിംകൾക്കും കശ്മീരികൾക്കും നേരെയുള്ള വിദ്വേഷത്തിനെതിരെ നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങൾ കാണിക്കുന്ന അസാധാരണമായ ശക്തി, സംയമനം എന്നിവ ശ്രദ്ധേയമാണ്. നമ്മുടെ കാലഘട്ടത്തിൽ ഇത് വളരെ ആവശ്യമാണ്”-എന്ന് ഹിമാൻഷുവിന് എഴുതിയ ഇമെയിൽ സന്ദേശത്തിൽ ലളിത രാംദാസ് പറഞ്ഞു.