കൊച്ചി: മകളുടെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് മുൻ എസ്ഐ. എറണാകുളം ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിന് വെട്ടേറ്റു. ഇടത് കൈയ്യിൽ സാരമായി പരുക്കറ്റ ഉദ്യോഗസ്ഥന് അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശിയും മുൻ എസ്ഐയുമായ പോൾ ഫ്രാൻസിസിനെ ഏലൂർ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനെതിരെ മകൾ പറഞ്ഞ പരാതി അന്വേഷിച്ച് മഞ്ഞുമ്മതിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെയായിരുന്നു മുൻ എസ്ഐയുടെ മിന്നലാക്രമണം. വീട്ടിലെ മുറിയിൽ ആയിരുന്ന പ്രതി പെട്ടെന്ന് മുറിതുറന്ന് പോലീസുകാരെ ആക്രമിക്കുകയിയരുന്നു.
ഒരു ഉദ്യോഗസ്ഥനെ തള്ളി കത്തികൊണ്ട് കുത്താൻ പ്രതി ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച എഎസ്ഐ സുനിൽ കുമാറിന് ഇടത് കൈയ്യിൽ ആഴത്തിൽ വെട്ടേൽക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മകൾ സ്റ്റേഷനിൽ വിളിച്ച് പോലീസ് സഹായം ആവശ്യപ്പെട്ടത്. അച്ചൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയാണെന്നും മുറിയിൽ കയറി വാതിൽ അടച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നുവെന്നുമായിരുന്നു പരാതി. ഇത് അന്വേഷിക്കാനായിരുന്നു ഏലൂർ ഇൻസ്പെക്ചറുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്. പോലീസുകാരെ ആക്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. എസ്ഐയെ ഇന്ന് റിമാൻഡ് ചെയ്തേക്കും.