മധ്യപ്രദേശ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ പരോൾ ചാടി 20 വർഷത്തിലേറെയായി ഒളിവിലായിരുന്ന മുൻ സൈനിക ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. മധ്യപ്രദേശിലാണ് സംഭവം. ദില്ലി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മധ്യപ്രദേശിലെ സിദ്ധി സ്വദേശിയായ അനിൽ കുമാർ തിവാരി (58) ആണ് പിടിയിലായത്. 1989 ലാണ് ഇദ്ദേഹം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചത്. മരണത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ഇദ്ദേഹം ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് പോലീസ് അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഇയാളെ 1989-ൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2005ൽ ദില്ലി ഹൈക്കോടതി ഇദ്ദേഹത്തിന് രണ്ടാഴ്ചത്തെ പരോൾ അനുവദിച്ചെങ്കിലും പരോളിലിറങ്ങിയ ഇദ്ദേഹം പിന്നീട് മുങ്ങുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി അറസ്റ്റിൽ നിന്ന് മുങ്ങി നടന്ന ഇദ്ദേഹത്തെ ദില്ലി പോലീസിൻ്റെ ക്രൈംബ്രാഞ്ച് സംഘമാണ് പിടികൂടിയത്. ഇന്ത്യൻ ആർമിയുടെ ഓർഡനൻസ് കോർപ്സിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന തിവാരി മൊബൈൽ ഫോണിൻ്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കിയിരുന്നു. പണമായി മാത്രം ഇടപാടുകൾ നടത്തി. ഇടയ്ക്കിടെ താമസവും ജോലിയും മാറ്റിക്കൊണ്ടാണ് ഇയാള്‍ അറസ്റ്റില്‍ നിന്ന് മുങ്ങി നടന്നത്.