തിരുവനന്തപുരം : എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍വകലാശാല സമര്‍പ്പിച്ച അപ്പീലിന്മേലാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരം മുന്‍ നിശ്ചയിച്ചപ്രകാരമുള്ള എല്ലാ പരീക്ഷകളുടെയും നടത്തിപ്പുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയതായി സര്‍വകലാശാല അറിയിച്ചു.
നാളെ (ജൂലൈ 29) മുതല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എല്ലാ പരീക്ഷകളും ടൈംടേബിള്‍ പ്രകാരം നടത്തുന്നതായിരിക്കും. മാറ്റിവെച്ച ജൂലൈ 28ലെ പരീക്ഷകളുടെ പുതുക്കിയ തീയതി ഉടന്‍ അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകളാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്നലെ റദ്ദാക്കിയത്.
പരീക്ഷകള്‍ നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കോവിഡ് വ്യാപനത്തിനിടെ നടത്തിയ പരീക്ഷയില്‍ ഒരു മാനദണ്ഡവും അധികൃതര്‍ പാലിച്ചില്ലെന്ന് കാണിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ ഓണ്‍ലൈനാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.