കോട്ടയം: ഖനനം നിലച്ച പാറമട ഒരു നാടിന് സമ്മാനിക്കുന്നത് ദുരിതം. നിലച്ചുപോയ പാറമട മാലിന്യം തള്ളാനൊരിടമായി മാറിയിരിക്കുകയാണ്. ഏറ്റുമാനൂര്‍ നഗരസഭ രണ്ടാം വാര്‍ഡ് പൊയ്കപ്പുറം ഭാഗത്ത് ഖനനം നിലച്ച പാറമടയിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്.ഇവിടെ ഖനനം നിലച്ചിട്ട് നാളുകളായി. ഇതോടെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍, കെട്ടിടങ്ങളും മറ്റും പൊളിച്ചു നീക്കിയതിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങി ലോഡ് കണക്കിന് ജൈവ, അജൈവ മാലിന്യങ്ങളാണ് വാഹനങ്ങളില്‍ എത്തിച്ച് ഇവിടെ തള്ളുന്നത്. റോഡിനോട് ചേര്‍ന്ന് താഴ്ഭാഗത്തായാണ് പാറമട സ്ഥിതി ചെയ്യുന്നത്. പാറമടയുടെ ചുറ്റുമുള്ള ഭാഗം കാടുവളര്‍ന്ന് പന്തലിച്ച നിലയിലാണ്.
അതിനാല്‍ വാഹനങ്ങളില്‍ മാലിന്യം എത്തിച്ച് ഇവിടെ തള്ളുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. പാറമടയിലെ വെള്ളക്കെട്ടിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ അഴുകി പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്നു. ഇത് ആരോഗ്യ ഭീഷണിയും ഉയര്‍ത്തുന്നു. പാറമടയ്ക്ക് സമീപത്തായി അംഗന്‍വാടിയും നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. മഴക്കാലത്ത് പാറമടയില്‍ നിന്നുള്ള വെള്ളം ഒഴുകി സമീപത്തെ തോട്ടിലേക്ക് എത്തിച്ചേരും. മറ്റൊരു പാറമടയും ഇതിന് മുകള്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്നുള്ള വെള്ളവും ഈ പാറമടയിലേക്കാണ് എത്തിച്ചേരുന്നത്.