തിരുവനന്തപുരം : റീസര്‍വേയില്‍ ഭൂമിയുടെ വിസ്തീര്‍ണം കൂടുതലെന്ന് കണ്ടെത്തിയാല്‍ അത് ഉടമസ്ഥര്‍ക്ക് പതിച്ചുകിട്ടാനുള്ള നിയമം ഓര്‍ഡിനന്‍സായി ഉടന്‍ കൊണ്ടുവരും. ഇതിനായുള്ള നിയമം തയ്യാറാക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. ബുധനാഴ്ച റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തില്‍ കരട് ചര്‍ച്ചചെയ്യും. റീസര്‍വേയില്‍ വിസ്തീര്‍ണം കൂടുതലെന്ന് കണ്ടെത്തിയ അധികഭൂമി പതിച്ചുനല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ല. ഇത് നിയമനടപടികളിലേക്ക് നീങ്ങാറാണ് പതിവ്. ഭൂമി കൈമാറുമ്പോഴും അധികഭൂമിക്ക് വിലകിട്ടാറില്ല. ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാണ് നിയമം.
റീസര്‍വേയില്‍ അളവുവ്യത്യാസം കണ്ടെത്തിയ ഒന്നരലക്ഷത്തോളം കേസുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. തുടങ്ങാനിരിക്കുന്ന ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാവുമ്പോള്‍ കേസുകളുടെ എണ്ണം വന്‍തോതില്‍ ഉയരാനാണ് സാധ്യത. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഡിജിറ്റല്‍ റീസര്‍വേയിലുണ്ടാകുന്ന വ്യത്യാസവും എളുപ്പത്തില്‍ ക്രമീകരിക്കാനാവും. അധികഭൂമി ഉടമസ്ഥന് പതിച്ചു നല്‍കാന്‍ ചെറിയ ഫീസ് ഈടാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എത്ര ഈടാക്കണമെന്നത് റവന്യൂവകുപ്പ് തീരുമാനിക്കും