ചെറുതോണി: എല്ലാ വകുപ്പുകളുടെയും ജില്ല ഓഫീസുകള്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പ്രവര്‍ത്തിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും അവഗണിച്ച് എക്സൈസ് ഡിവിഷന് ഓഫീസ് തൊടുപുഴയില്‍ തന്നെ തുടരുന്നു. എക്സൈസ് ജില്ല ഓഫീസിനായി 2004ല്‍ ഒന്നരക്കോടി രൂപ ചെലവഴിച്ച് പൈനാവില്‍ ഓഫീസ് കോംപ്ലക്സ് നിര്‍മിച്ചിട്ടുണ്ട്.
എക്സൈസ് ഇന്‍സ്പെക്ടര്‍, അഡീ. എക്സൈസ് ഇന്‍സ്പെക്ടര്‍ ക്വാര്‍ട്ടേഴ്സുകളും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ എക്സൈസ് കോംപ്ലക്സിനോട് ചേര്‍ന്ന് സ്റ്റാഫ് ക്വാര്‍ട്ടേഴ്സും കോംപ്ലക്സ് ഹാളും നിര്‍മിക്കാന്‍ ജില്ല പഞ്ചായത്ത് 70 സെന്റ് സ്ഥലവും വിട്ടുനല്‍കിയിട്ടുണ്ട്. എക്സൈസ് ഓഫീസ് ജില്ല ആസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായതോടെ തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഓഫിസും മൂലമറ്റത്ത് പ്രവര്‍ത്തിച്ചിരുന്ന റേഞ്ച് ഓഫീസും ജില്ല ആസ്ഥാനത്തേക്ക് മാറ്റുകയാണുണ്ടായത്.
2014ല്‍ ഇടുക്കി താലൂക്ക് രൂപവത്കരിച്ചതോടെ പൈനാവില്‍നിന്ന് റേഞ്ച് ഓഫീസ് മൂലമറ്റത്തേക്ക് വീണ്ടും മലയിറങ്ങി. ഇടുക്കി താലൂക്കില്‍പെട്ട വാഴത്തോപ്പ്, കഞ്ഞിക്കുഴി വില്ലേജുകളെ തങ്കമണി റേഞ്ച് ഓഫീസിന് കീഴിലാക്കിയാണ് എക്സൈസ് റേഞ്ച് ഓഫീസ് മൂലമറ്റത്തേക്ക് തിരികെകൊണ്ടുപോയത്. ജില്ലയിലെ വലിയ രണ്ടു വില്ലേജുകളെകൂടി തങ്കമണി റേഞ്ച് ഓഫീസിന് കീഴിലാക്കിയതോടെ ഇവിടുത്തെ ഉദ്യോഗസ്ഥരുടെ ജോലിഭാരവും വര്‍ധിച്ചു. ജില്ല ഓഫിസിലുള്ള ഉദ്യോഗസ്ഥര്‍ മാസത്തില്‍ രണ്ടു തവണയെങ്കിലും കലക്ടറേറ്റിലെത്തേണ്ടിവരും. ഹൈറേഞ്ചില്‍നിന്ന് ഉദ്യോഗസ്ഥര്‍ പലതവണ കോണ്‍ഫറന്‍സിനും മറ്റുമായി ജില്ല ഓഫീസിലെത്താന്‍ മലയിറങ്ങേണ്ടിയുംവരുന്നു.