കണ്ണൂര്‍: ഇരിട്ടി കൂട്ടുപുഴയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തിനൊടുവില്‍, പിടികൂടിയത് വന്‍ ലഹരിമരുന്ന് സംഘത്തെ. 685 ഗ്രാം എംഡിഎംഎയുമായി സ്ത്രീ ഉള്‍പ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി ഷെഫീഖ്, ഭാര്യ സൗദ, ഷാഹിദ്, അഫ്‌നാന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ യാസര്‍ അറാഫത്ത് എന്ന യുവാവിനെ നേരത്തെ പിടികൂടിയിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെയാണ് കൂട്ടുപുഴ ചെക്കുപോസ്റ്റില്‍ കര്‍ണാടക ഭാഗത്ത് നിന്ന് ഒരു കാറെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ കാര്‍ തടഞ്ഞ് പരിശോധിച്ചു തുടങ്ങി. ഡ്രൈവറായ യാസര്‍ മാത്രമായിരുന്നു വാഹനത്തില്‍.
ഒരു ഉദ്യോഗസ്ഥന്‍ മുന്‍സീറ്റിലും ഒരാള്‍ പിന്‍സീറ്റിലും കയറി പരിശോധിക്കുന്നതിനിടെയായിരുന്നു നാടകീയനീക്കങ്ങള്‍. മുന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തളളിപ്പുറത്തേക്കിട്ട് യാസര്‍ കാര്‍ അതിവേഗം ഓടിച്ചുപോയി. പിന്‍സീറ്റിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് അതിവേഗത്തില്‍, അപകടകരമാം വിധമാണ് വാഹനം പാഞ്ഞത്. ഒടുവില്‍ മൂന്ന് കിലോമീറ്റര്‍ അകലെ കിളിയന്തറയില്‍ വാഹനം നിര്‍ത്തിയ യാസര്‍ ഉദ്യോഗസ്ഥനെ ഇറക്കിവിട്ടു. തുടര്‍ന്ന് എക്‌സൈസും പൊലീസും അന്വേഷണം നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല. വിശദമായ അന്വേഷണത്തില്‍ കാര്‍ പോയത് മലപ്പുറം ഭാഗത്തേക്കാണെന്ന് കണ്ടെത്തി. ഇതോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ സംഘം മഞ്ചേരിയിലെത്തി ബേപ്പൂര്‍ സ്വദേശിയായ യാസര്‍ അറാഫത്തിനെ പിടികൂടുകയായിരുന്നു. കാര്‍ പിന്നീട് കോഴിക്കോട് നിന്നും കണ്ടെത്തി.