പത്തനംതിട്ട : നാടും നഗരവും കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍വേണ്ടി പ്രയത്‌നിക്കുമ്പോഴും മദ്യമയക്കുമരുന്ന് മാഫിയയെ പഴുതടച്ച് പ്രതിരോധിച്ച് എക്‌സൈസ് വകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മദ്യശാലകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയ സമയത്ത് വ്യാജവാറ്റും മയക്കുമരുന്ന് കളളക്കടത്തും വ്യാപകമായി. ഈ സാമൂഹിക തിന്മയെ ചെറുത്തുതോല്‍പ്പിക്കുന്നതിനുവേണ്ടി ജില്ലയിലെ എക്‌സൈസ് വകുപ്പ് നിതാന്ത ജാഗ്രത പുലര്‍ത്തി.
മദ്യദുരന്തങ്ങള്‍ക്കുപോലും സാധ്യത നിലനില്‍ക്കേ ജില്ലയിലെ എല്ലാ കുപ്രസിദ്ധ വ്യാജവാറ്റ് കേന്ദ്രങ്ങളിലും എക്‌സൈസ് വകുപ്പ് കര്‍ശനമായ പരിശോധനകളും നിരീക്ഷണങ്ങളും നടത്തി കേസുകള്‍ എടുത്തു. അബ്കാരി മേഖലയിലെ സ്ഥിരം കുറ്റവാളികളേയും മയക്കുമരുന്ന് ലോബികളുടേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് നടപടികള്‍ എടുത്തു. പരിമിതമായ അംഗബലത്തില്‍ നിന്നുകൊണ്ട് ജില്ലയിലെ അഞ്ച് താലൂക്കുകളിലായി പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് എന്നിവയുമായി ചേര്‍ന്ന് രാത്രികാല റോഡ് പരിശോധനകളും വാഹന പരിശോധനകളും നടത്തുന്നുണ്ട്. എക്‌സൈസ് വകുപ്പ് കോവിഡ് നിയന്ത്രണ ലോക്ഡൗണ്‍ സമയത്ത് ജില്ലയില്‍ 798 റെയ്ഡുകളിലായി 103 അബ്കാരി കേസുകളും അഞ്ച് മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. 53 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടനുബന്ധിച്ച് 7886 ലിറ്റര്‍ കോട, 94.1 ലിറ്റര്‍ ചാരായം, 61.9 ലിറ്റര്‍ അരിഷ്ടം, 24 മില്ലിഗ്രാം മേതാഫിറ്റമിന്‍, 600 മി.ലിറ്റര്‍ ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യം, 10.170 കി.ഗ്രാം ഗഞ്ചാവ്, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുനിന്നും ഒരു ഗഞ്ചാവ് ചെടി എന്നിവയും, ഗഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഒരു നാഷണല്‍ പെര്‍മിറ്റ് ടോറസ് ലോറി, ഒരു ബൈക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. വാഹനത്തില്‍ നിന്നും ഗഞ്ചാവ് വില്‍പ്പനയില്‍ക്കൂടി സ്വരൂപിച്ച 1,01,000 രൂപയും പിടിച്ചെടുത്തു. ജില്ലയില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും മികച്ച മയക്കുമരുന്ന് കേസാണിത്. ജില്ലയിലെ അഞ്ച് അതിര്‍ത്തി കേന്ദ്രീകരിച്ച് 24 മണിക്കൂറും പരിശോധനകള്‍ നടത്തിവരുന്നുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിനോടൊപ്പം തന്നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജി. പ്രശാന്ത്, ഇ.കെ. റജിമോന്‍, വി. റോബര്‍ട്ട്, ജിജി ഐപ്പ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് അവശ്യ സാധനങ്ങളായ പച്ചക്കറി, മറ്റ് പ്രൊവിഷണറി സാധനങ്ങള്‍ എത്തിച്ചുകൊടുത്തു. വരും ദിവസങ്ങളിലും എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും, വാഹനപരിശോധനകളും, സാമൂഹിക സേവനപ്രവര്‍ത്തനങ്ങളും നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍.കെ. മോഹന്‍കുമാര്‍ അറിയിച്ചു.