ന്യൂഡൽഹി : വിദേശ രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും അംഗീകരിച്ച വിദേശ വാക്‌സീനുകള്‍ക്ക് അടിയന്തിര ഉപയോഗത്തിന് ഇന്ത്യയില്‍ ക്ലിനിക്കല്‍ ട്രയല്‍ ആവശ്യമില്ലെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍. ഇതോടെ മൊഡേണ, ഫൈസര്‍ ഉള്‍പ്പെടെയുള്ള വാക്‌സീനുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ കഴിയും. വാക്‌സിനേഷന്‍ ത്വരിത ഗതിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ഡിസിജിഐ മേധാവി വി.ജി. സൊമാനി അറിയിച്ചു. കോവിഡ് വാക്‌സീന്‍ വിദഗ്ധ സമിതിയും സമാനമായ ശുപാര്‍ശ നല്‍കിയിരുന്നു. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.
ഇന്ത്യയില്‍ അംഗീകാരം നല്‍കുന്നതിനു മുമ്പ് പ്രത്യേക ട്രയല്‍ നടത്തണമെന്ന ഉപാധി ഒഴിവാക്കണമെന്ന് ഫൈസറും മൊഡേണയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, ഉത്തരവാദിത്തം എന്നിവയെക്കുറിച്ചു സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
മുമ്പ് വിദേശത്ത് ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയ കമ്പനികളുടെ വാക്‌സീന്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനു മുമ്പ് ഇന്ത്യക്കാരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി ഇന്ത്യന്‍ വംശജരില്‍ മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തണമായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഇളവു നല്‍കിയിരിക്കുന്നത്.
2021 ഡിസംബറിനുള്ളില്‍ രാജ്യത്തു വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നാണു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആ സാഹചര്യത്തില്‍ വാക്‌സീന്‍ ലഭ്യത വര്‍ധിപ്പിച്ചേ മതിയാകൂ. ഇതോടെ വിദേശ വാക്‌സീനുകളുടെ പങ്ക് നിര്‍ണായകമാകുമെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഷീല്‍ഡ്, കോവാക്‌സീന്‍ എന്നിവയ്ക്കു പുറമേ റഷ്യയുടെ സ്പുട്‌നിക് വി എന്നിവയ്ക്കു മാത്രമാണ് ഇന്ത്യയില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.