കൊച്ചി : വന്ദേഭാരത് ദൗത്യത്തില്‍ ആദ്യദിനം മടങ്ങിയെത്തിയതില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുടെയും ദ്രുത പരിശോധനാഫലം നെഗറ്റീവ്. പരിശോധനാഫലം വേഗം അറിയാനായി നടത്തുന്ന ദ്രുത പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് പരിശോധന (പിസിആര്‍) നടത്തിയപ്പോഴാണ് രണ്ട് പ്രവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചത്. ദ്രുതപരിശോധനയുടെ കൃത്യത സംബന്ധിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ദ്രുതപരിശോധനയില്‍ നെഗറ്റീവ് ഫലം വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ റാപ്പിഡ് ടെസ്റ്റ് നിര്‍ത്തി വെച്ചിരിക്കുകയാണ്. യുഎഇയില്‍ മാത്രമാണ് ഇപ്പോള്‍ റാപ്പിഡ് ടെസ്റ്റ് തുടരുന്നത്. മറ്റ് രാജ്യങ്ങളില്‍ ശരീരോഷ്മാവ് അറിയാന്‍ നടത്തുന്ന തെര്‍മല്‍ സ്‌കാനിങ് മാത്രമാണ് നിലവിലുള്ളത്.
യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ 24 വയസുകാരനും 39 വയസുള്ള വൃക്ക രോഗിക്കുമാണ് ഇന്നലെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരും മേയ് ഏഴിന് കേരളത്തില്‍ എത്തിയവരാണ്. കോട്ടയ്ക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39കാരന്‍ ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.
രോഗം സ്ഥിരീകരിച്ച 24 വയസുകാരന്‍ അബുദാബിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. എടപ്പാള്‍ നടുവട്ടം സ്വദേശിയായ ഇദ്ദേഹം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നുതന്നെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനങ്ങളില്‍ അവരുടെ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണം കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.