തൃശ്ശൂർ : സഹകരണ മേഖലയിലെ തട്ടിപ്പ് തടയാൻ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലുള്ള ഓഡിറ്റിംഗ് സംവിധാനം ശക്തമാക്കണമെന്ന് ബാങ്കിംഗ് വിദഗ്ധർ. ധനകാര്യ ഇടപാടുകൾക്കായി കേന്ദ്രീകൃത സോഫ്റ്റ്‍വെയർ തയ്യാറാക്കുക കൂടി ചെയ്താൽ ഇടപാടുകാർക്കിടയിൽ വിശ്വാസ്യത വർദ്ധിപ്പിക്കാനാകുമെന്നും ഇവർ പറയുന്നു.
കരുവന്നൂർ വായ്പാ തട്ടിപ്പിനെ തുടർന്നാണ് സഹകരണ ബാങ്കുകളുടെ പ്രവർത്തനരീതി വീണ്ടും ചർച്ചയാവുന്നത് കരുവന്നൂരിലേതിന് സമാനമായ പല ക്രമക്കേടുകളും ഇതിന് പിന്നാലെ പുറത്ത് വരികയും ചെയ്തു. ചാർട്ടേഡ് അക്കൌണ്ടന്റിന്റെ നേതൃത്വത്തിലുള്ള കൃത്യമായ ഓഡിറ്റിംഗ് സംവിധാനമില്ലാത്തതാണ് പല ബാങ്കുകളിലും തട്ടിപ്പിന് ഇടയാക്കുന്നത് എന്നാണ് വിലയിരുത്തൽ. വായ്പയ്ക്കായി ഈട് നൽകുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്ന രീതിയും മാറ്റണം.
വായ്പ നൽകുന്ന രീതിയിൽ സമൂലമായ മാറ്റം വേണമെന്നാണ് തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ എം.രാമനുണ്ണി അഭിപ്രായപ്പെടുന്നത്. വസ്തുവിന്റെ മൂല്യം നോക്കി വായ്പ നൽകുന്നതിന് പകരം എന്തിന് വേണ്ടിയാണ് വായ്പയെന്നതും അതിന്റെ സാധ്യതകളും പരിശോധിച്ച് വേണം തീരുമാനമെടുക്കാൻ എന്ന് രാമനുണ്ണി പറയുന്നു. വായ്പാ തട്ടിപ്പ് മൂലം പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിനെ കരകയറ്റാൻ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും സഹകരണ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.