ന്യൂഡൽഹി : വാക്സിനേഷനിലൂടെയും കൊറോണ വൈറസ് ബാധയിലൂടെയും രാജ്യത്തെ വലിയൊരു വിഭാഗം ജനതയ്ക്ക് പ്രതിരോധശേഷി ലഭിച്ചതിനാൽ കോവിഡ് മൂന്നാംതരംഗം രണ്ടാം തരംഗത്തിന്റെയത്ര ഗുരുതരമാകില്ലെന്ന് വിദഗ്ധർ. രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ദീപാവലിക്കുശേഷമുള്ള മൂന്നാഴ്ചയിൽ രോഗികളുടെ എണ്ണം കൂടാതിരിക്കുന്നെന്നത് നൽകുന്ന സൂചന ഇതാണ്. തണുപ്പുകാലമായ ഡിസംബർ – ഫെബ്രുവരി മാസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചേക്കാം. കൂടുതൽ വേഗം വ്യാപിക്കുന്ന വകഭേദം എത്തിയില്ലെങ്കിൽ രാജ്യവ്യാപകമായി പടരാനിടയില്ല. മരണനിരക്കും ആശുപത്രിവാസവും കുറവായിരിക്കും. ഹരിയാനയിലെ സോനീപതിലുള്ള അശോക സർവകലാശാലയിലെ ഫിസിക്സ്, ബയോളജി വകുപ്പുകളിലെ പ്രൊഫ. ഗൗതം മേനോൻ പറഞ്ഞു.
കോവിഡ് ബാധിക്കുകയും അതിനുശേഷം വാക്സിനെടുക്കുകയും ചെയ്തവർക്ക് സങ്കര പ്രതിരോധശേഷി കിട്ടിയിട്ടുണ്ട്. വാക്സിനേഷൻകൊണ്ടുമാത്രം ലഭിക്കുന്നതിനെക്കാൾ ശക്തമാണിതെന്ന് ഗൗതം പറഞ്ഞു. വൈറോളജിസ്റ്റ് അനുരാജ് അഗ്രവാളും ഈ വിലയിരുത്തലിനെ പിന്താങ്ങി. ദുർഗാപൂജ, ദീപാവലിക്കാലത്ത് ആളുകളുടെ കൂടിച്ചേരലുണ്ടാവുന്നതിനാൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 7,579 ആയുള്ളൂ. 543 ദിവസത്തിനിടെ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്ര കുറവ്.
രാജ്യത്ത് കോവിഡ് വാക്സിനേഷന് അർഹരായവരിൽ 82 ശതമാനംപേർക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. 43 ശതമാനം പേർക്ക് രണ്ടു ഡോസും കിട്ടിയെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ ജൂലായിൽ നടത്തിയ നാലാം സിറോ സർവേയനുസരിച്ച് രാജ്യത്ത് 67.6 ശതമാനം പേരിൽ കോവിഡ് ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പേർ കൊറോണ വൈറസിനെതിരേ പ്രതിരോധശേഷി കൈവരിച്ചു എന്നാണർഥം.രാജ്യത്തൊട്ടാകെ കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും മിസോറം പോലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.