കൊച്ചി: ആശമാർക്ക് അധികവേതനം നൽകുന്നതിൽ സർക്കാറിന് ഇടപെടാനാകില്ലെന്ന് വിദഗ്ധർ. തനതുഫണ്ടിന്റെ വിനിയോഗത്തിന് സർക്കാർ അനുമതി വേണ്ട. ആശമാർക്ക് അധിക വേതനം പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളുടെ നടപടിയോട് സർക്കാരിന് എതിർപ്പുണ്ടെങ്കിലും അത് നിയമവിധേയമാണ്. ഭരണഘടനാ പദവിയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഇത്തരം അധികാരങ്ങള്‍ സർക്കാറിന് മറികടക്കാനാവില്ല. ആശവര്‍ക്കര്‍മാര്‍ക്ക് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പാണെന്നായിരുന്നു തദ്ദേശ മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.
22 തദ്ദേശസ്ഥാപനങ്ങള്‍ ആശമാർക്ക് അധിക വേതനം നിശ്ചയിച്ച തീരുമാനം പ്രായോഗികമല്ലെന്ന് ഒഴുക്കന്‍ മട്ടിലാണ് വകുപ്പ് മന്ത്രി പ്രതികരിച്ചത്. മന്ത്രിയുടെ നിലപാട് തള്ളിയാണ് ആശമാർക്ക് ഓണറേറിയം കൂട്ടാൻ നിർദേശിച്ച് കോണ്‍ഗ്രസ് സർക്കുലർ ഇറക്കിയത്. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കാണ് കെപിസിസി അധ്യക്ഷൻ സർക്കുലർ നൽകിയത്.