കേരളത്തിന്റെ ഏറ്റവും അടുത്ത് കിടക്കുന്ന തമിഴ്നാട്ടിലെ അതിമനോഹരമായ പട്ടണമാണ് തെങ്കാശി. പട്ടണം എന്ന് വിളിക്കുമ്പോള്‍ പോലും തെങ്കാശിയെ വേറിട്ട് നിര്‍ത്തുന്നത് അവിടുത്തെ ഗ്രാമീണഭംഗി തന്നെയാണ്. ഛായാചിത്രങ്ങളില്‍ മാത്രം നാം കണ്ടുവരുന്ന ഗ്രാമീണ കാഴ്ചകള്‍ നേരിട്ട് കാണാന്‍ നിങ്ങള്‍ക്ക് തെങ്കാശിയില്‍ സൗകര്യമുണ്ടാകും. തെങ്കാശിയുടെ കാഴ്ചകള്‍ പൂര്‍ണമാകാന്‍ അവിടുത്തെ രുചിക്കൂട്ടുകളുടെ അനുഭവങ്ങളും നിങ്ങള്‍ തേടേണ്ടത് ആവശ്യമാണ്. തെങ്കാശിയുടെ തനത് രുചികള്‍ എക്കാലത്തും പ്രശസ്തമാണ്. തെങ്കാശിയിലേക്ക് വണ്ടി കയറുന്നവരില്‍ ഭൂരിഭാഗം മലയാളികളും ഈ ഭക്ഷണം കൂടി മനസില്‍ കണ്ടാണ് യാത്ര പുറപ്പെടുന്നതെന്നതാണ് സത്യം. തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഇടമായ തെങ്കാശിയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് കാശിവിശ്വനാഥ ക്ഷേത്രം. തെങ്കാശിയുടെ മുഖം തന്നെയാണ് ഈ ക്ഷേത്രമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പാണ്ഡ്യ രാജാക്കന്മാര്‍ 13-ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണിത്.
സുന്ദരപാണ്ഡ്യപുരം ഒരു കാര്‍ഷിക ഗ്രാമമാണ്. കണ്ണെത്താ ദൂരത്തോളം നിരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും തെങ്ങ് കവുങ്ങിന്‍ തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും ഒക്കെയുള്ള ഇവിടം അതിമനോഹരമായ പ്രകൃതി ഭംഗിയാല്‍ സമ്പന്നമാണ്. വര്‍ഷത്തില്‍ മൂന്നു മാസം സൂര്യകാന്തി വിരിയുന്ന ഇവിടെ സഞ്ചാരികളുടെ ഒഴുക്കാണ്. സൂര്യകാന്തി പാടങ്ങള്‍ മാത്രമല്ല, സുന്ദരപാണ്ഡ്യ പുരത്തേക്കുളള യാത്രയും മനോഹരമാണ്. കുറ്റാലം വെള്ളച്ചാട്ടം, തെങ്കാശിക്കും ചെങ്കോട്ടയ്ക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 520 അടിയോളം ഉയരത്തിലാണീ സ്ഥലം നിലകൊള്ളുന്നത്, പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളില്‍ നിന്നുത്ഭവിക്കുന്ന ഒന്‍പത് മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. തമിഴ്നാട്ടില്‍ കുട്രാലം വെള്ളച്ചാട്ടം എന്നാണ് അറിയപ്പെടുന്നതെങ്കിലും മലയാളിക്ക് ഇവിടം എന്നും സ്വന്തം കുറ്റാലമാണ്. കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും സൂപ്പര്‍ ഫാസ്റ്റ് ബസ് കയറി തെങ്കാശി കണ്ട് വൈകിട്ട് കെഎസ്ആര്‍ടിയിയില്‍ തന്നെ തിരികെ വരാന്‍ കഴിയുന്ന പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. കായംകുളം യൂണിറ്റില്‍ നിന്നും ചാരുംമൂട്, അടൂര്‍, പത്തനാപുരം, പുനലൂര്‍, ചെങ്കോട്ട വഴിയാണ് കെഎസ്ആര്‍ടിസി ഇന്റര്‍ സ്റ്റേറ്റ് സര്‍വീസ് നടത്തുന്നത്. രാവിലെ ഏഴുമണിക്ക് കായംകുളത്ത് നിന്നും പുറപ്പെടുന്ന ബസ് 10:40 ഓടെ തെങ്കാശിയിലെത്തിച്ചേരും. രാത്രി 8:30 നാണ് തെങ്കാശിയില്‍ നിന്നും അവസാന സര്‍വീസ് ആരംഭിക്കുക. ഒരു മാസം മുന്‍പ് ആരംഭിച്ച സര്‍വീസ് നിരവധി യാത്രക്കാരാണ് പ്രയോജനപ്പെടുത്തുന്നത്.