ബെയ്റൂട്ട്: ലെബനനില്‍ വീണ്ടും സ്‌ഫോടനം. നിരവധി ഇടങ്ങളില്‍ വോക്കി ടോക്കി യന്ത്രങ്ങള്‍ ഇന്ന് പൊട്ടിത്തെറിച്ചു. ഇന്നലത്തെ പേജര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലും ഇന്ന് പൊട്ടിത്തെറി ഉണ്ടായിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇന്നത്തെ സ്ഫോടനങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പൊട്ടിത്തെറിച്ചത് മൂവായിരത്തോളം പേജറുകള്‍ എങ്കില്‍ ഇന്ന് വാക്കി ടോക്കികളും പോക്കറ്റ് റേഡിയോകളും. ഇന്നലത്തെ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലും ഇന്ന് പൊട്ടിത്തെറി ഉണ്ടായി. പരിക്കേറ്റവരുമായി ആംബുലന്‍സുകള്‍ ചീറിപ്പായുന്ന ദൃശ്യമാണ് ഇപ്പോള്‍ ലെബനോനില്‍ എല്ലായിടത്തും കാണാന്‍ കഴിയുന്നത്. രണ്ടാം ദിവസവും രാജ്യമെങ്ങും സ്‌ഫോടന പരമ്പര ആവര്‍ത്തിച്ചതോടെ ജനങ്ങള്‍ ഭയചകിതരാണ്. പലയിടത്തും ആളുകള്‍ പേടി കാരണം മൊബൈല്‍ ഫോണുകള്‍ എറിഞ്ഞു കളയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലത്തെ സ്ഫോടനത്തിന് പിന്നില്‍ ചാര സംഘടനാ ആയ മൊസാദ് ആണെന്ന ആരോപണം ഇതുവരെ ഇസ്രയേല്‍ നിഷേധിച്ചിട്ടില്ല. 3000 പേജറുകള്‍ക്ക് ഹിസ്ബുല്ല വിദേശ കമ്പനിക്ക് ഈ വര്ഷം ആദ്യം ഓര്‍ഡര്‍ നല്‍കിയിരുന്നു. കമ്പനി അയച്ച പേജറുകള്‍ ഹിസ്ബുല്ലയുടെ പക്കല്‍ എത്തും മുമ്പ് ഇസ്രയേലി മൊസാദ് കൈവശപ്പെടുത്തി എന്നാണ് വിവരം. ഓരോ പേജറിലും സ്‌ഫോടകവസ്തു ഒളിപ്പിച്ച ശേഷം ഹിസ്ബുല്ലയ്ക്ക് അയച്ചു. ഈ പേജറുകളിലാണ് ഇന്നലെ വിദൂര നിയന്ത്രിത സംവിധാനത്തിലൂടെ പൊട്ടിത്തെറി ഉണ്ടാക്കിയത്. ഈ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചത്തിന് പിന്നാലെ ആണ് ഇന്നത്തെ വോക്കി ടോക്കി സ്ഫോടനങ്ങള്‍. രണ്ടു ദിവസത്തെ ആക്രമണത്തിലൂടെ ഹിസ്ബുല്ലയുടെ വാര്‍ത്താ വിനിമയ സംവിദാഹണം പാടെ തകര്‍ന്നിട്ടുണ്ട്. വലിയൊരു ആക്രമണത്തിനുള്ള മുന്നൊരുക്കം ആണ് ഇസ്രായേല്‍ നടത്തുന്നത് എന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.