തിരുവനന്തപുരം: അറബിക്കടലിൽ കേരള തീരത്തിനടുത്ത് വച്ച് തീപിടിച്ചത് സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത വാൻ ഹായ് 503 കപ്പലിന്. 20 വർഷം പഴക്കമുള്ള കണ്ടെയ്‌നർ കപ്പലാണിത്. കൊളംബോയിൽ നിന്ന് മദർ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്നു. കപ്പലിൽ 40 പേരുള്ളതായാണ് ആദ്യ വിവരം. ഇവരിൽ 22 പേർ ജീവനക്കാരാണ്. 18 പേർ കടലിൽ ചാടി. അപകട സമയത്ത് മണിക്കൂറിൽ 14 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിച്ചത്. യാത്ര തുടങ്ങി 11ാം മണിക്കൂറിലാണ് അപകടം. കോഴിക്കോട് തീരത്ത് നിന്ന് 66 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്.
തീപിടിച്ച കപ്പലിൽ നിന്നും നിരവധി പൊട്ടിത്തെറികൾ ഉണ്ടായെന്നും വിവരമുണ്ട്. ബേപ്പൂരിലും കൊച്ചിയിലും ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശം നൽകി. കപ്പലിൽ 650 തോളം കണ്ടെയിനറുകളുണ്ടായിരുന്നു. ഇതിൽ 50 തോളം കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങുകയാണ്. നിലവിൽ കേരളാ തീരത്ത് മുന്നറിയിപ്പില്ല. കടലിൽ വീണ കണ്ടെയിനറുകളിൽ എന്തൊക്കെയാണുള്ളതെന്നതിൽ വ്യക്തതയില്ല.