ന്യൂഡൽഹി: 2019 ലെ പുൽവാമ ഭീകരാക്രമണം, 2022 ൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നടന്ന ആക്രണം തുടങ്ങിയവയ്ക്കുള്ള സ്‌ഫോടകവസ്തുക്കൾ എത്തിച്ചത് ഓൺലൈൻ വഴിയെന്ന് ദ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). ഭീകരസംഘടനകൾ അവരുടെ പ്രവർത്തനങ്ങൾക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ പേയ്‌മെന്റ് സർവീസുകളും ദുരുപയോഗപ്പെടുത്തുന്നതിലുള്ള ആശങ്ക എഫ്എടിഎഫ് ചൂണ്ടിക്കാട്ടി. ലോകവ്യാപകമായുള്ള കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് എഫ്എടിഎഫ്. ഭീകരസംഘടനകൾ പ്രവർത്തനങ്ങൾക്കാവശ്യമായ ധനസമാഹരണം, വിതരണം എന്നിവയ്ക്കായി ഡിജിറ്റർ ഉപകരണങ്ങളും സാമ്പത്തിക സാങ്കേതികവിദ്യകളും ചൂഷണം ചെയ്യുകയാണെന്ന് എഫ്എടിഎഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
2019ൽ നടന്ന പുൽവാമ ആക്രണത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തുക്കളിലെ പ്രധാന അസംസ്‌കൃത വസ്തുവായ അലുമിനിയം പൗഡർ ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് എത്തിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന നടത്തിയ പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഏഴ് വിദേശ പൗരരുൾപ്പെടെ 19 പേരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ, ഒളിത്താവളങ്ങൾ എന്നിവ കണ്ടുകെട്ടുകയും ചെയ്തിരുന്നു.