കോയമ്പത്തൂർ : പ്ലസ് ടു വിദ്യാർഥിനി മരിച്ച സംഭവത്തിൽ പോലീസ് പരിശോധന ആരംഭിച്ചു. മരണത്തിൽ പ്രത്യക്ഷത്തിൽ ദുരൂഹതയൊന്നുമില്ലെങ്കിലും വീട്ടിൽനിന്ന് നോട്ടുപുസ്തകങ്ങൾ ഉൾപ്പെടെയുള്ളവ പോലീസ് ഫോറൻസിക് പരിശോധനയ്ക്കായി കൊണ്ടുപോയി. വിദ്യാർഥിനി പഠിച്ചിരുന്ന സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലിന്റെ മുറി, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട അധ്യാപകന്റെ വീട്, കുട്ടിയുമായി അടുപ്പം പുലർത്തിയിരുന്ന ആൺസുഹൃത്തിന്റെ വീട് എന്നിവിടങ്ങളിൽ ഒരേസമയം പരിശോധന നടത്തി. ക്യാമറ ഫൂട്ടേജുകൾ, രണ്ട് മൊബൈൽ ഫോൺ, ഒരു ലാപ്ടോപ്പ് എന്നിവ കണ്ടെടുത്തു.
കുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നതിനാൽ പോലീസ് ആദ്യഘട്ടത്തിൽ ഇത്തരം പരിശോധനകൾക്ക് മുതിർന്നിരുന്നില്ല. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് കരുതുന്നു. ഇതിനിടെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയുടെ വിലാസം വെളിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾനൽകിയ 48 യൂട്യൂബ് ചാനലുകൾക്കെതിരേ പോലീസ് നടപടി ആരംഭിച്ചു.
ഇവർക്കെതിരേ പോക്സോവകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പോലീസിന്റെ അറിയിപ്പിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പേരുപയോഗിച്ച് വാർത്ത പ്രചരിപ്പിച്ചവർ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ പേര് നീക്കം ചെയ്തില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും അറിയിപ്പിൽ പറയുന്നു. പല ഉന്നത രാഷ്ട്രീയനേതാക്കൾ അടക്കമുള്ളവർ കുട്ടിയുടെ പേരടക്കമുള്ളവ ഉപയോഗിച്ചിരുന്നു. ഇതിനിടെ റിമാൻഡിലായ സ്കൂൾ പ്രിൻസിപ്പൽ മീര ജാക്സൺ ബുധനാഴ്ച നൽകിയ ജാമ്യഹർജി നവംബർ 20ലേക്ക് മാറ്റി.