കൊല്ലം : കൊല്ലം കടയ്ക്കലില്‍ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ ചാരായ വാറ്റു സംഘത്തിനായി അന്വേഷണം തുടരുന്നു. തിങ്കളാഴ്ച രാവിലെയാണ് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിലെ അംഗത്തിന് വ്യാജ വാറ്റുകാരില്‍ നിന്ന് ആക്രമണമുണ്ടായത്. കടയ്ക്കൽ ആറ്റുപ്പുറത്തിനു സമീപം വ്യജവാറ്റ് നടക്കുന്ന വിവരമറിഞ്ഞെത്തിയ എക്സൈസ് സംഘത്തിനു നേരെയായിരുന്നു ആക്രമണം.
ചടയമംഗലം എക്സൈസ് ഇൻസ്‌പെക്ടർ അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച സംഘത്തെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.സിവില്‍ എക്സൈസ് ഓഫിസര്‍ ബിനുവിനെ വിറക് കൊള്ളി കൊണ്ട് തലയിലും മുതുകിലും അടിക്കുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന കടയ്ക്കല്‍ പാലക്കോണം സ്വദേശി ചന്തുവിനെ അറസ്റ്റ് ചെയ്തെങ്കിലും മറ്റ് നാല് സംഘാംഗങ്ങളും ഓടി രക്ഷപെടുകയായിരുന്നു. ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലം തെന്‍മലയിലും വാറ്റു സംഘം പോലീസിനെ ആക്രമിച്ചിരുന്നു.