തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയ ത്രിപുര സ്വദേശികള്‍ പിടിയില്‍. കുമാര്‍ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബര്‍മ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് ത്രിപുരയിലെ തെലിയമുറയില്‍ നിന്നും അറസ്റ്റ് ചെയ്തത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട് യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങളാണ് തട്ടിയത്. തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്.
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടപ്പോള്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ ഡോക്ടറാണെന്നു വിശ്വസിപ്പിച്ചാണ് വിവാഹാലോചന നടത്തിയത്. വാട്‌സ് ആപ്പ് വഴി ബന്ധം ദൃഢമാക്കി യുവതിയുടെ പേരില്‍ വിദേശത്ത് ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ഇവരുടെ പക്കല്‍ നിന്നും 22,75,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം തട്ടിയത്.