ചെങ്ങന്നൂര്‍ : എസ്.സി /എസ്.ടി ഫണ്ട് തട്ടിയെടുക്കൽ സംബന്ധിച്ച് ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെയും സാമുഹ്യ നീതി കർമ്മസമിതിയുടെയും വിവിധ സമുദായിക സംഘടനകളുടെയും നേതൃത്വത്തിൽ ചെങ്ങന്നൂർ നന്ദാവനം ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി. ചെങ്ങന്നൂരിൽ നടന്ന ധർണ കെ.പി.എം.എസ് ജില്ലകമ്മിറ്റി അംഗം പി.വേണുഗോപാൽ ഉത്ഘാടനം ചെയ്തു. വിനോദ് കരയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു മുഖ്യ പ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി ടൗണ്‍ ശാഖ പ്രസിഡന്റ് കെ.ദേവദാസ്, വിശ്വകർമ്മ സഭ താലൂക് സെക്രട്ടറി മനു കൃഷ്ണൻ. യോഗക്ഷേമ സഭയുടെ എം.എൻ മുരളീധരൻ നമ്പൂതിരി. എന്‍.എസ്.എസ് താലൂക് യൂണിയൻ പ്രതിനിധി മധുസൂദനൻ പിള്ള മൂലേത്ത് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജന.സെക്രട്ടറി ദിലീപ് ഉത്രം സ്വാഗതം ആശംസിച്ചു.
ഓരോ ഭരണകാലയളവിലും സഹസ്രകോടികൾ ആണ് എസ്.സി /എസ്.ടി സമൂഹത്തിന്റെ ജീവൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്നത്. പദ്ധതി ഫണ്ടുകൾ ചെലവഴിക്കുന്നതിനും യഥാസമയം വിനിയോഗിക്കുന്നതിലും സംസ്ഥാന സർക്കാരും വിവിധ എസ്.സി /എസ്.ടി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും ഗുരുതരമായ വീഴ്ച വരുത്തുകയാണെന്നും ഫണ്ടുകൾ ലാപ്സ് ആക്കുന്നതിൽ മുന്നണികൾ മത്സരത്തിൽ ആണെന്നും ഈ.എസ് ബിജു പറഞ്ഞു. പദ്ധതി ഫണ്ടുകൾ ഒരു രൂപ പോലും ചെലവഴിക്കാതെ ലാപ്സ് ആക്കുന്ന നടപടികൾ വർഷങ്ങളായി ആവർത്തിക്കുന്നു. വിവിധ ഡിപ്പാർട്ട്മെന്റ് കൾക്കായി അനുവദിക്കുന്ന തുകയിൽ 50 ശതമാനംപോലും വിനിയോഗിക്കുന്നില്ല എന്നത് ഗുരുതരമായ കൃത്യവിലോപം ആണ്. ഇവർക്കെതിരെ സമഗ്ര അന്വേഷണം നടത്തി ഡിപാർട്ടുമെന്റൽ നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യമെന്ന് ഈ.എസ് ബിജു പറഞ്ഞു.
പട്ടികജാതി പട്ടികവർഗ്ഗ വികസന നയം രൂപീകരിക്കുക. എസ്.സി /എസ്.ടി അവകാശ സംരക്ഷണ നിയമം പ്രഖ്യാപിക്കുക. ലൈഫ് മിഷൻ വീടുകളുടെ അനുവദിക്കുന്ന തുക ആറു ലക്ഷം രൂപയായി ഉയർത്തുക. കേന്ദ്ര സംസ്ഥാന ഫണ്ട് വിനിയോഗം നിരീക്ഷിക്കാൻ സമിതിയെ നിശ്ചയിക്കുക. എസ്.സി /എസ്.ടി ഫണ്ട് തട്ടിയെടുക്കൽ ഉന്നതതല അന്വേഷണം നടത്തുക. എസ്.സി /എസ്.ടി നിയമന സംരക്ഷണം ഉറപ്പുവരുത്തുക. കോളനി നവീകരണ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുക. മിച്ചഭൂമി, കയ്യേറ്റഭൂമി എന്നിവ വീണ്ടെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക.
ഫ്ലാറ്റ് അഴിമതി ഉന്നതതല അന്വേഷണം നടത്തുക. എസ്.സി /എസ്.ടി വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്യുക. കോളനികളിൽ വൈഫൈ കണക്ഷൻ നൽകുക. ലൈഫ് മിഷൻ പദ്ധതി ഫണ്ട് തട്ടിപ്പ് ജുഡീഷ്യൽ അന്വേഷണം നടത്തുക. എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം നിർമ്മിക്കുക. നിഷ്ക്രിയരായ എസ്.സി /എസ്.ടി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെയും എസ്.സി /എസ്.ടി പ്രമോട്ടർമാരെയും നീക്കം ചെയ്യുക. വനവാസി സമൂഹ പരിരക്ഷ ഉറപ്പുവരുത്തുക. എയ്ഡഡ് സ്ഥാപനങ്ങളിലും, പ്രൈവറ്റ് സെക്ടറിലും, സംവരണം ഉറപ്പുവരുത്തുക. എന്നീ ആവശ്യ ങ്ങൾ ഉന്നയിച്ചു കൊണ്ടു താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണകൾ നടന്നു.
ഹിന്ദു ഐക്യവേദി സംസ്‌ഥാന സമിതിയംഗം വിനോദ് ഉമ്പർനാട് തിരുവൻ വണ്ടൂരിൽ മുഖ്യ പ്രഭാഷണം നടത്തി. മാന്നാറിൽ നടന്ന പരിപാടിയിൽ ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.അശോക് അമ്മാഞ്ചി മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ ജന.സെക്രട്ടറിമാരായ ശ്രെയസ് നമ്പൂതിരി. സി.എൻ ജിനു, സംഘടനാ സെക്രട്ടറി ഏവൂർ ശശികുമാർ, താലൂക് അധ്യക്ഷൻ മുരളിധരൻ വെണ്മണി, ജന.സെക്രട്ടറി പ്രശാന്ത് മേക്കാട്ടിൽ, സെക്രട്ടറി ബാബു കല്ലിശ്ശേരി, സെക്രട്ടറി സുപ്രകാശ് തിരുവൻവണ്ടൂർ, സെക്രട്ടറി വിനീത് മോഹൻ, മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി സിന്ധു സുരേഷ്, എന്നിവർ താലൂക്കിന്റെ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ നേതൃത്വം നൽകി. മുനിസിപ്പൽ കൗൺസിലർ ശ്രീദേവി ബാലകൃഷ്ണൻ, കൗൺസിലർ മനു കൃഷ്ണൻ, യുവ മോർച്ച നേതാക്കളായ അജി ആര്‍ നായർ, പ്രവീൺ ആലാ, അജൂബ് മുളക്കുഴ, എന്നിവർ ചെങ്ങന്നൂരിലെ ധർണ്ണയിൽ പങ്കെടുത്തു.