റാന്നി: പുതിയ അധ്യയന വർഷം സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ശബരിമല വനാന്തരങ്ങളിലെ ആദിവാസി കുട്ടികൾക്ക് കാഴ്ചയുടെ പകിട്ടിൽ പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും. കാഴ്ച നേത്രദാന സേനയുടെ നേതൃത്വത്തിലാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള വസ്ത്രങ്ങളുമായി ഇവർ താമസിക്കുന്ന ഊരിലെത്തിയത്. മഞ്ഞത്തോട് പ്ലാപ്പള്ളി, ളാഹ, രാജമ്പാറ, മുട്ടുപുളിന്തോട്, ഒറ്റകല്ല്, ചാലക്കയം , കല്ലുന്തോട് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന 42 കുടുംബങ്ങൾക്കാണ് സഹായമെത്തിച്ചത്. മുൻ പി.എസ്.സി അംഗവും കാഴ്ച ജനറൽ സെക്രട്ടറിയുമായ അഡ്വ. റോഷൻ റോയി മാത്യു, കാഴ്ച ക്യാംപ് കോ-ഓർഡിനേറ്റർമായ അനു ടി. ശാമുവേൽ, ഷിജു എം. സാംസൺ, സാമൂഹ്യ പ്രവർത്തക പി.കെ കുഞ്ഞുമോൾ, അംഗൻവാടി അധ്യാപിക സുലേഖ ബീവി എന്നിവർ നേതൃത്വം നൽകി.
മരണശേഷം കണ്ണുകൾ ദാനമായി നൽകുന്നവരുടെ കൂട്ടായ്മയാണ് കാഴ്ച നേത്രദാന സേന. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലസിയാണ് കാഴ്ചയുടെ ചെയർമാൻ. ഈ സംഘടനയിൽ അംഗമായ 14 ആളുകൾ മരണപ്പെട്ടതോടെ 28 പേരുടെ അന്ധത നിറഞ്ഞ കണ്ണുകൾക്ക് പുതു വെളിച്ചം നൽകുവാനായി. മധുരൈ അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ പ്രതിമാസ സൗജന്യ മെഡിക്കൽ ക്യാമ്പും
തിമിര ശസ്ത്ര ക്രിയയും നടത്തി വരുന്നു. 65 ക്യാംപുകളിലൂടെ 7868 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും 84372 പേർക്ക് സൗജന്യ നേത്ര ചികിത്സയും നൽകിയിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷവും കുട്ടികൾക്ക് പുത്തൻ വസ്ത്രങ്ങൾ കാഴ്ച നേത്രദാന സേന ഇവരുടെ ഊരുകളിലെത്തി നൽകിയിരുന്നു.
കോവിഡ് കാലത്തെ പൂർണമായും ഒറ്റപ്പെട്ട ശബരിമല വനാന്തരങ്ങളിലെ ആദിവാസി കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ എന്നിവയും എത്തിച്ചു നൽകിയിരുന്നു. ഈ സമയത്ത് മുട്ടി പുളി തോട്ടിലെ ഉൾവനത്തിൽ ജനിച്ച നവജാത ശിശുവിനു ഡോക്ടറെ എത്തിച്ചു വൈദ്യ സഹായവും തൊട്ടിലും നൽകിയിരുന്നു. ശബരിമല വനാന്തരങ്ങളിലെ ആദിവാസി കുടുംബങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്ക് കാഴ്ച നേത്ര ദാന സേന നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ വസ്ത്രങ്ങളുടെ വിതരണം നടത്തിയതെന്ന് മുൻ പി.എസ്.സി അംഗവും കാഴ്ച നേത്ര ദാന ജനറൽ സെക്രട്ടറിയുമായ അഡ്വ. റോഷൻ റോയി മാത്യു പറഞ്ഞു.