ഏഴംകുളം : മാർച്ച് മാസം ഇതുവരെ അഞ്ച് ടണ്ണിലേറെ മാലിന്യം ശേഖരിച്ച് ഏഴംകുളം ഹരിതകർമസേന. വീടുകളിൽ ക്യൂആർ കോഡ് സ്റ്റിക്കർ പതിച്ചുള്ള ഓൺലൈൻ സേവനം 90 ശതമാനത്തിലേറെ നടപ്പാക്കിക്കഴിഞ്ഞു. മുമ്പ് എല്ലാവാർഡുകളിലും പ്രവർത്തിക്കാൻ ആളില്ലെന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ അതെല്ലാം ഇപ്പോൾ പരിഹരിക്കപ്പെട്ടു. കഴിഞ്ഞമാസങ്ങളിൽ ശരാശരി ഒന്നരടൺ വീതം ക്ലീൻ കേരള കമ്പനിക്ക് വിൽക്കാൻ സാധിച്ചിട്ടുണ്ട്. മൂന്നര ടണ്ണോളം മാലിന്യം കമ്പനിക്ക് അങ്ങോട്ട് പണം കൊടുത്താണ് കൈമാറിയത്. എന്നാൽ മികച്ച പ്രവർത്തനം നടത്തുമ്പോഴും ഒട്ടേറെ പരിമിതികളും പഞ്ചായത്തിലെ ഹരിതകർമസേന നേരിടുന്നുണ്ട്.
ഇപ്പോഴും സൗകര്യപ്രദമായ എംസിഎഫ് കേന്ദ്രമില്ലെന്നതാണ് വലിയ പോരായ്മ. നിലവിൽ കൈതപ്പറമ്പിൽ പ്രവർത്തിക്കുന്ന എംസിഎഫ് കേന്ദ്രത്തിൽ പരിമിതമായ സ്ഥലം മാത്രമേയുള്ളു. 20 വാർഡുള്ള പഞ്ചായത്തിൽനിന്ന് ശേഖരിക്കുന്ന മാലിന്യം മുഴുവൻ സൂക്ഷിക്കാൻ ഇവിടെ സ്ഥലസൗകര്യമില്ല. 10000 ജനസംഖ്യയുള്ള പ്രദേശത്ത് ആയിരം ചതുരശ്ര അടിയെങ്കിലുമുള്ള എംസിഎഫ് വേണമെന്നാണ് വ്യവസ്ഥ. സ്ഥലംകണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ലഭിച്ചിട്ടില്ല. മറ്റൊരുപ്രശ്നം ജില്ലാ പഞ്ചായത്തിൽനിന്നും ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് വാഹനം അപകടത്തിൽപ്പെട്ട് തകരാറിലായതാണ്. സ്പെയർ പാർട്ട് കിട്ടാത്തത്തിനാൽ ഇതുവരെയും അത് നന്നാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. വാടക വാഹനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ മാലിന്യനീക്കം.