അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പ്ലാന്റേഷൻ മുക്കിൽ ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുത്ത 63 പേർ നിരീക്ഷണത്തിൽ. ചടങ്ങിൽ പങ്കെടുത്ത കോന്നി സ്വദേശികളായ രണ്ടുപേർക്കും കടമ്പനാട് സ്വദേശികളായ പന്തൽ, പാചകക്കാരായ മൂന്ന് തൊഴിലാളികൾക്കും കോവിഡ് ബാധിച്ചതിനെ തുടർന്നാണ് വിവാഹത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകുവാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചത്.
രണ്ടുദിവസമായി നടന്ന വിവാഹചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തതായി നാട്ടുകാർ പറയുന്നു. അടൂർ നഗരഭാ പ്രദേശത്തെ അടൂർ സെൻട്രൽ വാർഡ്, കണ്ണംകോട്, അയ്യപ്പൻപാറ വാർഡുകൾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര കൊല്ലൂകടവ്, കോന്നി, ഏഴംകുളം എന്നിവിടങ്ങളിൽ നിന്നായി 500 പേർ പങ്കെടുത്തതായിട്ടാണ് പോലീസിന് ലഭിച്ച വിവരം. ആളു കൂടുന്നതറിഞ്ഞ് അടൂർ പോലീസ് സ്ഥലത്തെത്തി നിയന്ത്രണം ഏർപ്പെടുത്താനുള്ള ക്രമീകരണം നടത്തിയെങ്കിലും പോലീസ് പോയിക്കഴിഞ്ഞ് നിയന്ത്രണം പാളി.
ചടങ്ങ് നടക്കുന്നത് സംബന്ധിച്ച് വീട്ടുകാർ എഴംകുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചിരുന്നുവെങ്കിലും അവരും ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. ഇത്തരം ചടങ്ങിനെപ്പറ്റിയുള്ള വിവരങ്ങൾ ചോദിക്കുമ്പോൾ ഏഴംകുളം ഹെൽത്ത് ഇൻസ്പെക്ടർ ഒഴിഞ്ഞുമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഏഴംകുളത്ത് നടന്ന വിവാഹ ചടങ്ങിന്റെ വിവരം ഡി.എം.ഒ. യോട് ചോദിക്കാനാണ് ഇദ്ദേഹം പറയുന്നത്. ഇത്തരം ഒരുചടങ്ങ് നടക്കുന്നതിനെപ്പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് അടൂർ തഹസീൽദാരും പറഞ്ഞു. എന്നാൽ വന്നവരുടെ വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നെന്നും ഇതുപ്രകാരം 63 പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചതായും വാർഡംഗം പറഞ്ഞു. എന്നാൽ വിവാഹം നടത്തിയ പള്ളിയിൽ കോവിഡ് മാനദണ്ഡം പാലിച്ച് കർശന നിയന്ത്രണത്തോടെയാണ് ചടങ്ങ് നടത്തിയത്.