റാന്നി: എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൻറെ നിർമ്മാണത്തോടനുബന്ധിച്ച് പഴയ കെട്ടിടം പൊളിക്കുന്നതിന് നടപടിയായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി കൂടി. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി എട്ടു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫണ്ട് അനുവദിക്കുന്നതിനായി എം എൽ എ നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു.
ആശുപത്രി കെട്ടിടത്തിന് പുതിയ ഡിസൈൻ തയ്യാറാക്കുന്നതിന് എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ്, ആശുപത്രി അധികൃതർ , ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത സ്ഥല പരിശോധന നടത്തും. എന്നിട്ട് ആവശ്യങ്ങൾക്കനുസരിച്ച് കൂട്ടായ ആലോചനകൾക്ക് ശേഷം പുതിയ കെട്ടിടത്തിന് ഡിസൈൻ തയ്യാറാക്കും. എഴുമറ്റൂർ സി എച്ച് സി കെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചു മാറ്റുന്ന പ്രവർത്തികൾ പല കാരണങ്ങളാൽ വൈകുകയായിരുന്നു. എംഎൽഎ നിരന്തരം ഇടപെട്ടാണ് ഇപ്പോൾ പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ നടപടിയായത്.