പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ മുദ്ര ദുരുപയോഗം ചെയ്തുകൊണ്ട് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് പത്തനംതിട്ടയിലും കൊല്ലത്തും. രണ്ടും നല്‍കിയത് ഒരേ ഓഫീസര്‍. നിര്‍മ്മിച്ചത് കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍. കാര്‍ഡ് ഒന്നിന് 130 രൂപ വീതം ഓരോരുത്തരില്‍ നിന്നും നിയമവിരുദ്ധമായി ഈടാക്കി.
ഫയർ ആന്റ് റെസ്ക്യൂ സർവ്വീസിന് കീഴിൽ പത്തനംതിട്ട ജില്ലയിലെ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ ധരിച്ചിരിക്കുന്നത് ഇത്തരം വ്യാജ ഐഡന്റിറ്റി കാര്‍ഡുകളാണ്. മാസങ്ങളായി ഈ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പോലീസോ ജില്ലാ ഭാരണാധികാരിയോ ഇത് ശ്രദ്ധിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര ഉപയോഗിക്കണമെങ്കില്‍ പ്രത്യേക അനുവാദം ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരാണ് ഡിഫന്‍സ് വോളന്റിയര്‍ എന്നപേരില്‍ സന്നദ്ധ സേന രൂപീകരിച്ചത്. ഇവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കേണ്ടതും സര്‍ക്കാരാണ്.
എന്നാല്‍ ഇതിനു കാലതാമസം ഉണ്ടായപ്പോള്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാര്‍ കെ സ്വന്തം നിലയില്‍ സര്‍ക്കാര്‍ മുദ്രയുള്ള ഐഡന്റിറ്റി കാര്‍ഡ് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. കാര്‍ഡ് ഒന്നിന് 130 രൂപ വെച്ച് ഈടാക്കിയാണ് എല്ലാവര്‍ക്കും കാര്‍ഡ് നല്‍കിയത്. പത്തനംതിട്ട ജില്ലയില്‍ മുന്നൂറോളം ഡിഫന്‍സ് വോളന്റിയര്‍ ഉണ്ട്. ഇതില്‍ 130 പേരാണ് പാസ്സിംഗ് ഔട്ട് കഴിഞ്ഞ് സേനയുടെ ഭാഗമായത്. ഇവര്‍ക്കാണ് ഐഡന്റിറ്റി കാര്‍ഡ് നല്‍കിയിട്ടുള്ളത്. കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. ഇത് കെ.ഹരികുമാര്‍ നേരിട്ടാണ് ചെയ്യുന്നതും.
ഫയര്‍ ആന്റ് റെസ്ക്യു ഡയറക്ടര്‍ ജനറലിന്റെ ഓഫീസില്‍ നിന്നും 2020 മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതി ജി1-2978/2000 നമ്പര്‍ സര്‍ക്കുലറില്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്ക് കൊടുക്കേണ്ട തിരിച്ചറിയല്‍ രേഖയെക്കുറിച്ച് (മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്) വ്യക്തമായി പറയുന്നുണ്ട്. കൂടാതെ ഇതിന്റെ മാതൃകയും എല്ലാ ജില്ലയിലെയും ഫയര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. നല്‍കിയിരിക്കുന്ന മാതൃക പ്രകാരം ഓരോ ജില്ലയിലും ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്ക് മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ജില്ലാ ഫയര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. റീജിയണല്‍ ഫയര്‍ ഓഫീസര്‍മാര്‍ക്കും എല്ലാ സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്കും ഇതോടൊപ്പം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറലിനുവേണ്ടി ടെക്നിക്കല്‍ ഡയറക്ടര്‍ ആര്‍. പ്രസാദ് ആണ് സര്‍ക്കുലര്‍ ഒപ്പുവെച്ച് അയച്ചിരിക്കുന്നത്.
നിലവില്‍ പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയിലും മാത്രമാണ് ഇത്തരം കാര്‍ഡുകള്‍ ഉള്ളത്. കെ.ഹരികുമാര്‍ കൊല്ലത്ത് ഫയര്‍ ഓഫീസര്‍ ആയിരിക്കുമ്പോഴാണ് അവിടെ ഇത്തരം കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ഈ നടപടി പത്തനംതിട്ടയില്‍ എത്തിയപ്പോഴും തുടരുകയായിരുന്നു. കൊല്ലത്തുനിന്നും പണീഷ്മെന്റ് ട്രാന്‍സ്ഫെര്‍ ലഭിച്ചാണ് കെ.ഹരികുമാര്‍ പത്തനംതിട്ടയില്‍ എത്തിയത്. പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസര്‍ ആയി ചുമതല എടുത്തിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. നിരവധി ആരോപണങ്ങളും ഇദ്ദേഹം നേരിടുന്നുണ്ട്.
കൊല്ലം, പത്തനംതിട്ട ഒഴികെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത് ഫോട്ടോപോലും പതിച്ചിട്ടില്ലാത്ത താല്‍ക്കാലിക ഐഡന്റിറ്റി കാര്‍ഡുകള്‍ ആണ്. കേരളാ ഫയര്‍ ആന്റ് റെസ്ക്യു ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അനുമതിയില്ലാതെയാണ് സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച സ്ഥിര ഐഡന്റിറ്റി കാര്‍ഡുകള്‍ കെ.ഹരികുമാര്‍ കൊല്ലത്തും പത്തനംതിട്ടയിലും വിതരണം ചെയ്തത്. ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ ഈ നടപടിക്കെതിരെ കടുത്ത വിമര്‍ശനമുണ്ട്.