കൊച്ചി: ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളില്‍നിന്നു വീണ് പരുക്കേറ്റ നടന്‍ ഫഹദ് ഫാസില്‍ സുഖം പ്രാപിക്കുന്നു. മൂക്കിനാണ് പരുക്കേറ്റത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം.
‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെയായിരുന്നു സംഭവം. ഷൂട്ടിങ്ങിനായി വീട് സെറ്റിട്ടിരുന്നു. ഈ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് പരുക്കേറ്റത്. വീടിനു മുകളില്‍നിന്നു താരം താഴെ വീഴുകയായിരുന്നു. ഫഹദിന് പരുക്കേറ്റതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഫഹദ് ഫാസില്‍ നായകനാകുന്ന സര്‍വൈവല്‍ ത്രില്ലറാണ് ‘മലയന്‍കുഞ്ഞ്’. സജിമോന്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ മഹേഷ് നാരായണനാണ്. രജീഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണം ഫാസിലാണ്.