നെട്ടൂര്‍: ലഹരി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി നെട്ടൂര്‍ സ്വദേശി ഫഹദ് (19) മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി.
പ്രതികളായ രണ്ടുപേര്‍ വാടകയ്ക്ക് താമസിച്ച കളമശ്ശേരി പള്ളിലാംകരയിലെ സ്വകാര്യ ഫ്ലാറ്റില്‍ പോലീസ് വെള്ളിയാഴ്ച തെളിവെടുപ്പിന് എത്തിയപ്പോഴാണ് വാഹനവും കത്തിയും കണ്ടെത്തിയത്. പ്രധാന പ്രതികളായ ആലപ്പുഴ കലവൂര്‍ ലക്ഷ്മി നിവാസില്‍ നിധിന് (24), ആലപ്പുഴ പാതിരപ്പിള്ളി കീഴോത്ത് ജെയ്സണ്‍ (25) എന്നിവരെയാണ് വന്‍ പോലീസ് സന്നാഹത്തോടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഇരുവരും അഞ്ച് മാസത്തോളമായി ഒരു സ്ത്രീയോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. പ്രതികള്‍ ഇവിടെനിന്ന് കഞ്ചാവ് വില്പന നടത്തിയിരുന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു.
കൊലക്കുശേഷം തോഷിബ ഹിദായത്ത് നഗറിനടുത്ത് ഉപേക്ഷിച്ച സ്കൂട്ടറില്‍നിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. വാഹനത്തിന്റെ പിന്‍സീറ്റിനടിയില്‍ സൂക്ഷിച്ച ബാഗില്‍നിന്നാണ് കത്തി ലഭിച്ചത്. 750 ഗ്രാം കഞ്ചാവ്, കഞ്ചാവ് പാക്ക് ചെയ്ത് വില്‍ക്കാനുള്ള കവറുകള്‍, മറ്റൊരു കത്തി, ലഹരി ഗുളികകള്‍ എന്നിവയും ഇതിനൊപ്പം സൂക്ഷിച്ചിരുന്നു.
ഞായറാഴ്ച രാത്രി നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജങ്ഷനില്‍ വെച്ചാണ് വെളിപ്പറമ്പില്‍ ഹുസൈന്റെ മകന് ഫഹദിന് കുത്തേറ്റത്. പിറ്റേന്ന് ആശുപത്രിയില്‍ മരിച്ചു. കഞ്ചാവ് വില്പന സംഘങ്ങളുടെ കുടിപ്പകയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഫഹദിന് കുത്തേറ്റത്. കൊലക്കുശേഷം പ്രതികള്‍ ഉദയംപേരൂര്‍ കണ്ടനാടിന് സമീപത്തെ കാട്ടിലും കളമശ്ശേരി, മരടിലെ ചിലയിടങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.
കേസില്‍ ഇതുവരെ 14 പേരെയാണ് പിടികൂടിയിട്ടുള്ളത്. കേസിന്റെ അന്വേഷണ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനന്തലാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.