കോന്നി : തണ്ണിത്തോട് തേക്കുതോട് റോഡിൽ പ്ലാന്റേഷൻ ഭാഗത്തെ ക്രാഷ്ബാരിയർ ഉയർത്തി നിർമ്മിക്കാത്തത് അപകട ഭീഷണിയാകുന്നു. ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് പോയതിനെ തുടർന്നാണ് ഇവിടം കൂടുതൽ അപകട ഭീഷണിയിലേക്ക് മാറിയത്. പിന്നീട് റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് നവീകരിച്ചപ്പോൾ ഈ ഭാഗത്ത് വെള്ളക്കെട്ട് നിലനിന്ന് റോഡ് തകരുന്നതിനാൽ ഇവിടം കോൺക്രീറ്റ് ചെയ്തിരുന്നു. റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്തതോടെ മുൻപ് സ്ഥാപിച്ച ക്രാഷ് ബാരിയർ ഭൂനിരപ്പിൽ നിന്നും താഴ്ന്ന് പോവുകയും ചെയ്തു. ഇതോടെ ഇവിടം കൂടുതൽ അപകട ഭീഷണിയായി മാറി.
മാത്രമല്ല ഉയർന്ന മൺതിട്ടയിൽ നിന്നും ഇവിടേക്ക് മണ്ണിടിഞ്ഞ് വീഴുന്ന സംഭവങ്ങളും പതിവായിരുന്നു. തേക്കുതോട്, കരിമാൻതോട്, പൂച്ചക്കുളം, ആലുവാംകുടി ശിവക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകുന്ന ആളുകൾ യാത്ര ചെയ്യുന്ന പ്രധാന പാതയാണിത്. ഇവിടെ അപകടം ഉണ്ടായാൽ കൂടുതൽ താഴ്ചയിലേക്കാവും വാഹനം മറിയുക. രാത്രി യാത്രക്കാർ ആണ് ഏറെയും ബുദ്ധിമുട്ടുന്നത്. സ്വകാര്യ ബസുകളും സ്വകാര്യ വാഹനങ്ങളും അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഈ വഴി സഞ്ചരിക്കുന്നത്. പൊതുമരാമത്ത് റോഡ് വിഭാഗത്തിനാണ് റോഡിന്റെ നിർമ്മാണ ചുമതല. ക്രാഷ് ബാരിയർ ഉയർത്തി നിർമ്മിച്ചില്ലെകിൽ വലിയ അപകടമാകും ഇവിടെ സംഭവിക്കുക.