ബെംഗളൂരു : കൊവിഡ് പ്രതിസന്ധി മുതലെടുത്ത് ഓൺലൈന്‍ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി കൊവിഡ് ചികിത്സയ്ക്കെന്ന പേരില്‍ പണമാവശ്യപ്പെട്ടാണ് തട്ടിപ്പ്. ബെംഗലൂരുവില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മലയാളികൾക്കാണ് പണം നഷ്ടപ്പെട്ടത്.
ബെംഗളൂരുവില്‍ പ്രമുഖ വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കിയാണ് തട്ടിപ്പ്. കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അത്യാവശ്യമായി പണം വേണമെന്നും പറഞ്ഞാണ് സുഹൃത്തുക്കളെ കണ്ടെത്തി അജ്ഞാത സംഘം സന്ദേശമയക്കുന്നത്. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനി ഡയറക്ടറുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അരലക്ഷത്തിലധികം രൂപയാണ് ഗൂഗിൾ പേ അക്കൗണ്ട് വഴി സംഘം കഴിഞ്ഞ ദിവസം തട്ടിയെടുത്തത്. പണം നഷ്ടമായവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്.
കൊവിഡ് കാലമായതിനാല്‍ പരാതി നല്‍കിയാലും പോലീസിനും സംഭവത്തില്‍ കാര്യമായി ഇടപെടാനാകാത്ത സാഹചര്യമാണുള്ളത്. തട്ടിപ്പ് സംഘങ്ങൾ ഇതും അവസരമാക്കുന്നു. അതേസമയം ഓൺലൈന്‍ തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ബെംഗളൂരു പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ കേരളത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം തട്ടിയ നിരവധി പരാതികൾ പോലീസിന് ലഭിച്ചിരുന്നു.