തൃശൂര്‍ : വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് 22 വര്‍ഷം ക്ലാസെടുത്തയാള്‍ക്കെതിരെ രക്ഷിതാക്കള്‍ രംഗത്ത്. തൃശൂര്‍ പാടൂര്‍ അലിമുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍പ്രിന്‍സിപ്പല്‍ കെ.വി ഫൈസലിനെതിരെ ഗുരുതര ആരോപണവുമായാണ് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയിരിക്കുന്നത്. മതമൗലികസംഘടനയുടെ ഭാഗമായിരുന്ന ഇയാള്‍ ദേശീയഗാനം പാടുന്നത് തടസ്സപ്പെടുത്തിയെന്നും ഇതരമതസ്ഥരുടെ ആഘോഷങ്ങളെ അലങ്കോലപ്പെടുത്തിയെന്നും ആരോപണമുയരുന്നുണ്ട്.
മൈസൂരു, ബാംഗളൂരു യൂണിവേഴ്സിറ്റികളുടെ പേരില്‍ വ്യാജബിരുദവും, ബിരുദാനന്തര ബിരുദവും ബി.എഡും നേടിയാണ് ഫൈസല്‍ കഴിഞ്ഞ 22 വര്‍ഷക്കാലം അലിമുല്‍ ഇസ്ലാംഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചത്. ഇത് കൂടാതെ സീനിയോറിറ്റി മറികടന്ന് ഇയാളെ പ്രിന്‍സിപ്പാളായും നിയമിച്ചു. എന്നാല്‍ വനിത അദ്ധ്യാപികയോട് അപമര്യാദയായി പെരുമാറിയതോടെ തരംതാഴ്തി. ഒന്നിലധികം അദ്ധ്യാപികമാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ദേശീയഗാനം പാടുന്നതിനിടെ മൈക്ക് കണക്ഷന്‍ വിച്ഛേദിച്ച് തടസ്സപ്പെടുത്തിയതായും ഇതരമതസ്ഥരുടെ ആഘോഷങ്ങളെ അലങ്കോലപ്പെടുത്തിയതായും ഇയാള്‍ക്കെതിരെ ആരോപണമുയരുന്നുണ്ട്.
മൈസൂര്‍,ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റികളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഹയര്‍സക്കന്‍ഡറി വകുപ്പ് മേധാവി നല്‍കിയ പരാതിയില്‍ പാവറട്ടി പോലീസില്‍ കേസെടുത്തിട്ടുണ്ട്. ഇയാള്‍ ആറുമാസമായി സസ്പന്‍ഷനിലാണ്. ആരോപണവിധേയനായ അദ്ധ്യാപകനെ തിരിച്ചെടുക്കരുതെന്നും ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. വ്യാജബിരുദം നേടി രണ്ടുപതിറ്റാണ്ടുകാലം സര്‍ക്കാര്‍ സംവിധാനത്തെ കബളിപ്പിച്ച് അദ്ധ്യാപകനാവുകയും, തീവ്രവാദസംഘടനയുടെ ബലത്തില്‍ സ്‌കൂളിനെ അടക്കി ഭരിക്കുകയും ചെയ്തയാള്‍ക്കെതിരെ അദ്ധ്യാപകര്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്.