പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ. വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിൽ, ഹോസ്ദുർഗ് കോടതി വിദ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇന്നലെ ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു. എന്നാൽ, പോലീസ് ഹാജരാക്കിയ രേഖകളും റിപ്പോർട്ടുകളും വിശദമായി പരിശോധിക്കേണ്ടതിനാൽ ഇന്നേക്ക് മാറ്റുകയായിരുന്നു. കരിന്തളം ഗവൺമെന്റ് കോളേജിന്റെ പരാതിയിൽ നീലേശ്വരം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആണെന്നും, മറ്റൊരാളുടെ സഹായം നേടിയിട്ടില്ലെന്നും വിദ്യ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, സർട്ടിഫിക്കറ്റിന്റെ അസ്സൽ നശിപ്പിച്ചുവെന്നും വിദ്യ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. നിലവിൽ, വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് നീലേശ്വരം പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.