പാലക്കാട്: കെ. വിദ്യയുടെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണിലുണ്ടെന്ന് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബര്‍ വിദഗ്ദ്ധന്‍ ഉടന്‍ ഫോണ്‍ പരിശോധിക്കും. ഈ രീതിയില്‍ ഡിലീറ്റ് ചെയ്ത രേഖകളെല്ലാം വീണ്ടെടുക്കാന്‍ സാധിക്കും. അട്ടപ്പാടി സര്‍ക്കാര്‍ കോളേജിലെ ഗസ്റ്റ് ലക്ചററായി ജോലിയില്‍ കയറാന്‍ വേണ്ടിയാണ് വിദ്യ വ്യാജരേഖയുണ്ടാക്കിയത്. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അഗളി പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പോലീസ് കസ്റ്റഡിയിലുള്ള വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍പ്പസമയം മുമ്പ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോട്ടത്തറ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ പാലക്കാട് ഡിവൈഎസ്പി ഓഫീസിലേക്ക് ആംബുലന്‍സ് എത്തിച്ചു. കോട്ടത്തറ ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി. പിന്നാലെ ഡിവൈഎസ്പി ഓഫീസില്‍ നിന്ന് വിദ്യയെ നടത്തിച്ച് പുറത്തെത്തിച്ച ശേഷം ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.