കാക്കനാട്: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് വ്യാജ പരാതികള്‍ ലഭിച്ച സംഭവത്തില്‍ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു. കളമശ്ശേരി സ്വദേശി ഗിരീഷ് കുമാറിനോട് മൊഴി നല്‍കുന്നതിന് ശനിയാഴ്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗിരീഷിന്‍റെ പേര് ഉപയോഗിച്ച് അയച്ച പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ സാക്ഷിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈനിലൂടെ പരാതി നല്‍കുന്നതിനുള്ള സംവിധാനമായ സി.എം.ഒ പോര്‍ട്ടല്‍ വഴിയാണ് വ്യാജ പരാതികള്‍ അയക്കുന്നതായി കണ്ടെത്തിയത്. നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെയും നേരത്തേ വ്യാജ പേരില്‍ പരാതികള്‍ ലഭിച്ചിരുന്നു.
ഇത്തവണ ഗിരീഷിന്‍റെ പേര് ഉപയോഗിച്ച് നല്‍കിയ പരാതി തുടര്‍നടപടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കലക്ടര്‍ക്ക് കൈമാറിയിരുന്നു. ഇത് വിചാരണക്കെടുത്തപ്പോള്‍ ഹാജരായ ഇദ്ദേഹം താന്‍ ഇങ്ങനെയൊരു പരാതി അയച്ചിട്ടില്ലെന്നും തന്‍റെ പേരു വെച്ച് ഇത്തരം പരാതികള്‍ മറ്റാരോ അയക്കുന്നതാണെന്നും വ്യക്തമാക്കി. മുമ്പും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നതിനാല്‍ അധികൃതര്‍ തൃക്കാക്കര പോലീസില്‍ പരാതിപ്പെടുകയായിരുന്നു.