ആലുവ: ആലുവയിലെ വ്യാജ ഡോക്ടറുടെ അറസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. ഇന്നലെയാണ് ആലുവ കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മരിയ ക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റിലായത്. റാന്നി വടാശ്ശേരി ചെറുപുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്ണനാണ് പിടിയിലായത്. രണ്ടു മാസമായി ഇവര്‍ ഇവിടെ ചികിത്സ നടത്തി വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 2002ല്‍ കര്‍ണാടകയില്‍ നിന്ന് എംബിബിഎസ് ജയിച്ചതായി പറയുന്ന ഇവര്‍ ഫാര്‍മസി ഡിപ്ലോമ കോഴ്സ് പഠിച്ചതിന്റെ അറിവു വെച്ചാണു മരുന്നു കുറിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. പോലീസ് പരിശോധനക്കെത്തുമ്പോള്‍ സംഗീത രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയതു ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ്. ഇതു വ്യാജമാണോ എന്നു പരിശോധിക്കും. എടത്തലയില്‍ എത്തുന്നതിനു മുന്‍പ് ഇവര്‍ മറ്റു പല ക്ലിനിക്കുകളിലും ജോലി ചെയ്തിട്ടുണ്ട്.
രോഗികള്‍ക്ക് ഒരേസമയം പല ആന്റിബയോട്ടിക് ഗുളികകള്‍ കൂടിയ അളവില്‍ കുറിച്ചതിനെ തുടര്‍ന്നു സംശയം തോന്നിയ മെഡിക്കല്‍ ഷോപ് ജീവനക്കാരന്‍ റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിനെ അറിയിച്ചതിനെ തുടര്‍ന്നാണു പരിശോധന നടത്തിയത്. ഇന്‍സ്പെക്ടര്‍ പി.ജെ. നോബിള്‍ നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.