ഡൽഹി: വിങ് കമാൻഡർ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നിവരുടെ വ്യാജ എക്‌സ് (X) അക്കൗണ്ടുകൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട്-ചെക്ക് യൂണിറ്റ് കണ്ടെത്തി. ഈ വ്യാജ അക്കൗണ്ടുകൾ തള്ളിക്കളയുകയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ ഏജൻസി ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്നതിലൂടെ ശ്രദ്ധനേടിയ സൈനിക ഉദ്യോഗസ്ഥരാണ് വിംഗ് കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയും. ഇവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് ആൾമാറാട്ടം നടത്തുകയാണെന്ന് പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നൽകി. ഈ അക്കൗണ്ടുകൾക്ക് ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന ബ്ലൂ ടിക്കും ഉണ്ട്.
ഈ അക്കൗണ്ടുകൾ വ്യാജമാണെന്നും വിംഗ് കമാൻഡർ വ്യോമിക സിങ്ങിനോ കേണൽ സോഫിയ ഖുറേഷിക്കോ ഔദ്യോഗിക എക്‌സ് ഹാൻഡിൽ ഇല്ലെന്നും പിഐബി അറിയിച്ചു. ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിന് തുടക്കംകുറിച്ചതിന് പിന്നാലെ സായുധ സേനകളുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ പൊതുജനങ്ങൾക്ക് താൽപ്പര്യം വർധിച്ചിരുന്നു. ഈ സാഹചര്യത്തിൽ വാർത്താ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകിയ മുതിർന്ന വനിതാ ഉദ്യോഗസ്ഥരുടെ ഈ വ്യാജ അക്കൗണ്ടുകൾക്ക് വലിയ പ്രചാരമാണ് ലഭിച്ചത്. സിങ്ങിന്റെ വ്യാജ അക്കൗണ്ടിന് 28.4 K ഫോളോവേഴ്സും ഖുറേഷിയുടേതിന് 68 K-യിൽ അധികം ഫോളോവേഴ്സും ഉണ്ടായിരുന്നു.
ഇന്ത്യൻ ആർമിയുടെ കോർപ്‌സ് ഓഫ് സിഗ്‌നൽസിലെ ഉദ്യോഗസ്ഥയാണ് കേണൽ സോഫിയ ഖുറേഷി. ആസിയാൻ രാജ്യങ്ങളടക്കം ഉൾപ്പെടുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസമായ ഫോഴ്സ് 18-ൽ ഒരു ഇന്ത്യൻ ആർമി പരിശീലന സംഘത്തെ നയിക്കുന്ന ആദ്യ വനിത എന്ന ബഹുമതി അവർ നേടിയിട്ടുണ്ട്. വിംഗ് കമാൻഡർ വ്യോമിക സിംഗ് ഇന്ത്യൻ വ്യോമസേനയിലെ ഒരു ഹെലികോപ്റ്റർ പൈലറ്റും സൈനിക ഉദ്യോഗസ്ഥയുമാണ്. ഇവരുടെ വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളടക്കം കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും പിഐബി മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ വീഡിയോകൾ സൃഷ്ടിക്കുന്ന കെണിയിൽ വീഴരുതെന്ന് പിഐബി ഫാക്ട്‌ചെക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യൻ സായുധ സേനയുമായോ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ നിലനിൽക്കുന്ന സാഹചര്യവുമായോ ബന്ധപ്പെട്ട സംശയാസ്പദമായ വീഡിയോകൾക്കെതിരെയാണ് ജാഗ്രതാ നിർദേശം.നിങ്ങളുടെ സാമൂഹിക മാധ്യമ ഫീഡുകളിൽ വ്യാജ വീഡിയോകൾ വന്ന് നിറയുന്നത് വർധിച്ചിട്ടുണ്ടെങ്കിൽ അത് യാദൃശ്ചികമല്ല. നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പാകിസ്താന്റെ പ്രചാരണശൃംഘല പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യത ഉറപ്പാക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതോ ആയ വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാക്കുക. ഈ സാഹചര്യത്തിൽ ജാഗ്രതയോടെ ഇരിക്കണമെന്നും കൃത്യമായ വിവരങ്ങൾ അറിഞ്ഞിരിക്കണമെന്നും പിഐബി ഫാക്ട്‌ചെക്ക് -ന്റെ
എക്‌സ് പോസ്റ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. സംശയം തോന്നുന്ന തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പിഐബി ഫാക്ട്‌ചെക്ക് ൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിരുന്നു.