കൊല്ലം : ഉരച്ചുനോക്കിയാല്‍ ഒറിജിനലിനെ പോലും വെല്ലുന്ന വ്യാജന്‍. ബിഐഎസ് മുദ്ര അടക്കം എല്ലാം ഭദ്രം. പക്ഷേ മുക്കുപണ്ടം ആണെന്ന് മാത്രം. മാന്യമായി വസ്ത്രം ധരിച്ചാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. സ്ത്രീകള്‍ ജീവനക്കാരായുള്ള സ്വകാര്യ പണയമിടപാട് സ്ഥാപനങ്ങളാണ് ഇവരുടെ പ്രധാന ലക്ഷ്യം. അടിയന്തര ചികിത്സാ ആവശ്യത്തിനെന്ന വ്യാജേനയാണ് പലരും ഇത്തരം സ്ഥാപനങ്ങളില്‍ എത്തുന്നത്. ഇവര്‍ നല്‍കുന്ന തിരിച്ചറിയില്‍ രേഖകളും ഫോണ്‍ നമ്പരും വ്യാജമാണെന്നു മനസിലാക്കുന്നത് പണയം വച്ചത് മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ്.
കൊല്ലം ജില്ലയുടെ മലയോരമേഖലകള്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പുകള്‍ വ്യാപകമാകുന്നത്. ഈ മാസം പതിനഞ്ചാം തീയതി പത്തനാപുരം പളളിമുക്കിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിയ തട്ടിപ്പുകാരന്‍ 20 ഗ്രാം തൂക്കമുളള മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്തത് 65,000 രൂപയാണ്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ അടിയന്തര ചികിത്സ ആവശ്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിയില്‍നിന്ന് പണം തട്ടിയത്.
പണയമിടപാട് സ്ഥാപനത്തിന്‍റെ ഉടമയുടെ പരാതിയില്‍ പത്തനാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്നതില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്നും എല്ലാ സ്ഥാപനങ്ങളിലും കെവൈസി നിര്‍ബന്ധമാക്കണമെന്നും പത്തനാപുരം സിഐ സന്തോഷ് കുമാര്‍ പറഞ്ഞു.