കൊച്ചി: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടി പോലീസ്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയത് എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ അന്വേഷണത്തില്‍ സുഹൃത്തിന്റേത് എന്ന് പറഞ്ഞ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടി സ്വയം സൃഷ്ടിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. പിണങ്ങിപ്പോയ കാമുകനെ തിരിച്ചു കൊണ്ടുവരാന്‍ പെണ്‍കുട്ടി സ്വയം മെനഞ്ഞെടുത്ത കഥയെന്നും കണ്ടെത്തി. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടിയില്‍ തന്നെ എത്തിയത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണ് ആക്രമണത്തിന് പിന്നിലെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. അയാളുടെ നേതൃത്വത്തില്‍ നാലംഗ സംഘം തന്നെ വായ് മൂടി കെട്ടി നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും അവിടെ വച്ച് കരണത്തടിച്ചെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയില്‍ സംശയം തോന്നി നടത്തിയ വിശദമായ അന്വേഷണത്തിലാണ് കള്ളക്കഥയാണിതെന്ന് തിരിച്ചറിഞ്ഞത്.