ന്യൂഡൽഹി : വിവാദ വജ്ര വ്യവസായി മെഹുൽ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ലെറ്റർ ഓഫ് അണ്ടർടേക്കിങ്ങിന്റെ (എൽഒയു) പേരിൽ പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി)നിന്ന് 6,344.96 കോടി രൂപ തട്ടിയെടുത്തുവെന്ന് സിബിഐ. മൂന്ന് വർഷം നീണ്ട അന്വേഷണത്തിനുശേഷം കഴിഞ്ഞയാഴ്ച മുംബൈയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സിബിഐയുടെ വെളിപ്പെടുത്തൽ. വ്യാജ എൽഒയുകൾ ഉപയോഗിച്ച് പണം തട്ടിയെടുത്തെന്നാണ് ആരോപണം.
ചോക്‌സിയുമായും കമ്പനി എക്‌സിക്യൂട്ടീവുകളുമായും ബന്ധമുള്ള ബാങ്ക് ജീവനക്കാരാണ് തട്ടിപ്പിന് സൗകര്യമൊരുക്കിയതെന്നും കുറ്റപത്രത്തിൽ പറഞ്ഞു. സിബിഐയുടെ കണക്കനുസരിച്ച്, 2017 മാർച്ച് – ഏപ്രിൽ കാലയളവിൽ മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ചിലെ പിഎൻബി അധികൃതർ 3,154.31 കോടിയിലധികം രൂപയുടെ എൽഒയുകളും 3,086.24 കോടി രൂപയുടെ മുകളിലുള്ള 311 ബില്ലുകളും 58 എഫ്എൽസികൾക്കായി (ഫോറിൻ ലെറ്റേഴ്സ് ഓഫ് ക്രെഡിറ്റ്) കിഴിവ് നൽകിയിട്ടുണ്ട്.
ഒരു ബാങ്ക് അതിന്റെ ക്ലയന്റിനായി ഒരു വിദേശ ബാങ്കിന് നൽകുന്ന ഗ്യാരന്റിയാണ് എൽഒയു. ക്ലയന്റ് വിദേശ ബാങ്കിലേക്ക് തുക തിരിച്ചടച്ചില്ലെങ്കിൽ ബാധ്യത ഗ്യാരന്റി ബാങ്കിനാവും. ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌ബിഐ-മൗറീഷ്യസ്, അലഹബാദ് ബാങ്ക്-ഹോങ്കോങ്, ആക്സിസ് ബാങ്ക്-ഹോങ്കോങ്, ബാങ്ക് ഓഫ് ഇന്ത്യ-ആന്റ്‌വെർപ്, കാനറ ബാങ്ക്-മമാന, എസ്‌ബിഐ-ഫ്രാങ്ക്ഫർട്ട് എന്നിവർ പണം നൽകി. തുക കമ്പനികൾ തിരിച്ചടയ്ക്കാത്തതിനാൽ പിഎൻബി 6,344.97 കോടി രൂപ കാലതാമസം നേരിട്ട പലിശ ഉൾപ്പെടെ വിദേശ ബാങ്കുകൾക്ക് അടച്ചു.
2015ലും 2016ലും പുറപ്പെടുവിച്ച എൽഒയുകളെക്കുറിച്ചും 2014, 2015, 2016 വർഷങ്ങളിൽ എഫ്എൽസിയിൽ നടത്തിയ തട്ടിപ്പുകളെക്കുറിച്ചും സിബിഐ അന്വേഷണം തുടരുകയാണ്. ചോക്‌സി 7,080 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് പിഎൻബി ആരോപിച്ചിരുന്നു. ഇക്കാര്യം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ എൽഒയുകളും പരിശോധിച്ചുകഴിഞ്ഞാൽ മാത്രമേ ബാങ്കിന് സംഭവിച്ച നഷ്ടത്തിന്റെ പൂർണ ചിത്രം നിർണയിക്കാൻ കഴിയൂ എന്നും സിബിഐ അധികൃതർ പറഞ്ഞു.