കോഴിക്കോട് : കൊവിഡിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു. കോഴിക്കോട്ട് ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കോളനിയില്‍ രണ്ട് പേരെ ക്വാറന്റീനില്‍ പാര്‍പ്പിച്ചെന്ന വാട്‌സ് ആപ് സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തത്.
നടക്കാവിലെ കോളനിയില്‍ താമസക്കാരായ ചിലര്‍ ചെന്നൈയില്‍ നിന്നെത്തിയെന്നും അവരെ ക്വാറന്റീനില്‍ പാര്‍പ്പിച്ചെന്നുമായിരുന്നു വാട്‌സ് ആപ് വഴിയുളള പ്രചാരണം. പ്രചാരണത്തെത്തുടര്‍ന്ന് കോളനിയുള്‍പ്പെടുന്ന ഈ ഭാഗത്തേക്ക് വരാന്‍ ആള്‍ക്കാര്‍ ഭയപ്പെട്ടിരുന്നു. കോളനിക്കാരായ രണ്ടു കുടുംബങ്ങള്‍ ചെന്നൈയില്‍ നിന്ന് രണ്ടു ഘട്ടമായി മടങ്ങിയെത്തിയെത്തിയിരുന്നുവെങ്കിലും ഇവരെ കോഴിക്കോട്ടെത്തിയ ഉടന്‍ പ്രത്യേക ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്തത്.
എന്നാല്‍ ഇവര്‍ കോളനിയിലുണ്ടെന്നും സമീപത്തെ കടകളില്‍ പോയെന്നുമുളള പ്രചാരണം നാട്ടുകാരെ പരിഭ്രാന്തരാക്കി. പരിസരവാസികള്‍ നല്‍കിയ പരാതിയില്‍ നടക്കാവിലെ ന്യൂറ റസിഡന്റസ് അസോസിയേഷന്‍ ഭാരവാഹി അശോകനെതിരെ പോലീസ് കേസെടുത്തു. കേരള പോലീസ് ആക്‌ട് സെക്ഷന്‍ 118 ബി പ്രകാരം വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്.