റിയാദ് : ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഒക്ടോബർ ഒന്നു മുതൽ പിൻവലിക്കുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് അധികൃതർ. ഇവിടങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് നേരിട്ട് സൗദിയിൽ ഇറങ്ങാമെന്ന തരത്തിലാണ് വ്യാജവാർത്ത. സൗദിയിൽ പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ ട്വിറ്റർ സ്‌ക്രീൻ ഷോട്ട് രൂപത്തിലാണ് ഇത് പ്രചരിക്കുന്നത്.
ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 11 മുതൽ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കുകൾ പൂർണമായും നീക്കി എന്നതാണ് സന്ദേശത്തിൽ ഉള്ളത്. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനം എന്നും ഉണ്ട്. ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വ്യാജം പടച്ചു വിട്ട് പ്രവാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിന് ആരോ ഒപ്പിച്ച പണിയാണിത്. എന്നാൽ അഭ്യന്തര മന്ത്രാലയത്തിന്റേയോ പ്രസ്തുത പത്രത്തിന്റെയോ സാമൂഹ്യ അക്കൗണ്ടുകളിൽ ഈ വാർത്തയില്ല. യാത്രാ വിലക്ക് പിൻവലിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണവും വന്നിട്ടില്ല.
അതേസമയം നിലനിൽക്കുന്ന യാത്രാ വിലക്കുകൾ നീക്കുന്നതിന് ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുവരെയും യാത്രാ വിലക്കുകൾ പിൻവലിക്കുന്ന തരത്തിൽ തീരുമാനങ്ങൾ വന്നിട്ടില്ല എന്നതാണ് വസ്തുത. സൗദിയിൽ നിന്ന് രണ്ട് ഡോസ് എടുത്തവർക്ക് മാത്രമാണ് നേരിട്ട് ഇവിടെ പ്രവേശിക്കാൻ നിലവിൽ അനുമതിയുള്ളൂ. രാജ്യത്തിന് പുറത്ത് നിന്ന് വാക്‌സിനേഷൻ സ്വീകരിച്ചവർ ഉൾപ്പെടെയുള്ളവർക്ക്, ഏതെങ്കിലും വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം മാത്രമാണ് സൗദിയിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. ഇത്തരക്കാർ ഇവിടെ എത്തിയാലും അഞ്ചുദിവസത്തെ ക്വാറന്റീൻ ആവശ്യമാണ്.