ന്യൂദല്‍ഹി: രാജ്യത്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മാധ്യമ പ്രവര്‍ത്തകര്‍ ചമഞ്ഞ് ഭീണണിപ്പെടുത്തലുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പല വാര്‍ത്തകളും കെട്ടിച്ചമച്ചാണ് പ്രചരിപ്പിക്കുന്നത്. ഈ പ്രണണതകള്‍ എന്തുവിലകൊടുത്തും തടയുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.
ദല്‍ഹി കലാപകാരികള്‍ക്ക് അനുകൂലമായി ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ചമച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുകയും മലയാളത്തിലെ ഏഷ്യാനെറ്റ് ന്യൂസ് മീഡിയാ വണ്‍ എന്നി ചാനലുകള്‍ക്ക് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് എഴുതി നല്‍കിയാണ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചത്. മുഖ്യധാര മാധ്യമങ്ങള്‍ വരെ വ്യാജവാര്‍ത്തകള്‍ നല്‍കാന്‍ തുടങ്ങിയതോടെയാണ് കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കുന്നത്.
മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ജയിലിലടക്കുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പു നല്‍കി. മാധ്യമ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിക്കുന്നവരേയും വ്യാജ വാര്‍ത്താചാനലുകളേയും കുറിച്ച് അന്വേഷണം നടത്തും. ഇങ്ങനെയുള്ള ന്യൂസ് പോര്‍ട്ടലുകളേയും യൂട്യൂബ് ചാനലുകളേയും കുറിച്ച് അന്വേഷിക്കും. വ്യാജ ഫേസ്ബുക്ക്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചും പരിശോധിക്കുമെന്ന് അദേഹം വ്യക്തമാക്കി. വ്യാജമാധ്യമ പ്രവര്‍ത്തകരെ കണ്ടെത്താന്‍ മാധ്യമ സ്ഥാപനങ്ങളുടെയും സഹായം ആവശ്യമാണ്. മാധ്യമ പ്രവര്‍ത്തകരിലെ വ്യാജന്‍മാരെ ജയിലില്‍ അടയ്ക്കുമെന്നും വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.