തിരുവല്ല : പോലീസെന്ന വ്യാജേനെ നാട്ടുകാരിൽ നിന്നും പണം തട്ടാൻ ശ്രമിച്ച യുവാവ് തിരുവല്ല പോലീസിന്റെ പിടിയിലായി. കല്ലൂപ്പാറ വള്ളോത്ര പുത്തൻ പുരയിൽ സന്തോഷ് പി ഏബ്രാഹം (36) ആണ് പിടിയിലായത്.
ബൈക്കിലെത്തിയ സന്തോഷ് കവിയൂർ നാഴിപ്പാറ ഭാഗത്ത് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ വീട്ടുമുറ്റത്ത് നിന്നയാളിൽ നിന്നും പിഴത്തുകയായി പതിനായിരം രൂപ ആവശ്യപ്പെട്ടു. ബൈക്ക് യാത്രക്കാരെ തടഞ്ഞു നിർത്തിയും പരിശോധനകൾ നടത്തി. സംശയം തോന്നിയ നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തതോടെ സന്തോഷ് ബൈക്കിൽ സ്ഥലത്തു നിന്നും രക്ഷപെട്ടു. തുടർന്ന് ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സന്തോഷിനെ മല്ലപ്പള്ളിയിൽ നിന്നും പിടികൂടുകയായിരുന്നു. സിഐ ഹരിലാൽ, സിപിഒമാരായ ദീപു, മനോജ്, സന്തോഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.