കോട്ടയം : കൊശമറ്റം ഫിനാൻസിന്റെ കൈവശമുള്ള ഭൂമിയുടെ മുൻ ഇടപാടുകളിൽ ദുരൂഹതയെന്ന് സൂചന. ഭൂമിയുടെ രേഖകളുടെ ആധികാരികത സംബന്ധിച്ച് പല ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കോടതി കേസുകളും നടന്നുവരികയാണ്. മാത്യു കെ.ചെറിയാന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സ്. കൊശമറ്റം ഫിനാൻസുമായി ബന്ധപ്പെട്ട് മുൻപ് പല ആരോപണങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആക്ഷേപമുയരുന്നത് ഇതാദ്യമായാണ്.
ഇപ്പോൾ കൊശമറ്റത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പലതിന്റെയും രേഖകളിൽ മുൻപ് കൃത്രിമം നടന്നിട്ടുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. രേഖകളിലെ കൃത്രിമം അറിഞ്ഞുകൊണ്ട് കുറഞ്ഞവിലയ്ക്ക് ഭൂമി സ്വന്തമാക്കിയതാണെന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്. മാത്രമല്ല ഇത് ക്രമവൽക്കരിക്കാനായി സമീപവാസിയുടെ ഭൂമിയുടെ രേഖകള്‍ ഉപയോഗിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഇതിനെതിരെ കോടതി കേസുകളും നടന്നുവരികയാണ്. കൊശമറ്റം ഫിനാന്‍സ് NCD ക്ക് നല്‍കുന്ന ഡിബഞ്ചർ ട്രസ്റ്റ് ഡീഡിൽ ഇത്തരം വസ്തുവകകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിക്ഷേപകരെ ഏറെ ദോഷമായി ബാധിക്കുകയും ചെയ്യും.