വയനാട് : കാട്ടാന പേടിയില്‍ വിറച്ച് വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങള്‍. കഴിഞ്ഞ ദിവസം വൈത്തിരിയില്‍ വീട്ടിനുള്ളിലേക്ക് കയറി കാട്ടാന വയോധികനെ ആക്രമിച്ചു. നിരവധി വീടുകളും വാഹനങ്ങളും കാട്ടാന തകര്‍ത്തു. ആനകള്‍ കാര്‍ഷികവിളകളെല്ലാം നശിപ്പിക്കുന്നു. റോഡുകള്‍ മുറിച്ചുകടക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നു. യാത്രികര്‍ പലപ്പോഴും തലനാരിഴയ്‌ക്കാണ് രക്ഷപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരെത്തി ഏറെ പണിപ്പെട്ട് കാട്ടിലേക്ക് ആനകളെ തുരത്തുന്നുണ്ടെങ്കിലും പുലര്‍ച്ചെയോടെ ഇവ തിരികെയെത്തും.
രാത്രി വീടിന് പുറത്തിറങ്ങാനാവാത്ത അവസ്‌ഥയിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ. കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വനംവകുപ്പിന് സാധിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇപ്പോൾ മുൻപ് കാട്ടാനകളുടെ സാന്നിധ്യമില്ലാത്ത മേഖലകളിൽ പോലും ശല്യം കൂടുന്നുവെന്നാണ് പരാതി.