പത്തനംതിട്ട : ആരോഗ്യ വകുപ്പ് ആധുനികവത്ക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ നാലു കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി ഡിജിറ്റലാകുന്നു. മെഴുവേലി, കോയിപ്രം, ആനിക്കാട്, ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാഗമാകുക. ഇ – ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ ഡിജിറ്റലാകുന്നത്. സംസ്ഥാനത്തെ ചികിത്സാരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഇ ഹെല്‍ത്ത് പദ്ധതിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പൗരന് ഒരു ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതു ജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒരാള്‍ ഒ.പി.യി ലെത്തി ചികിത്സാ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുന്നു. സംസ്ഥാനത്ത് ഇതിനകം 300 ലധികം ആശുപത്രികളില്‍ ഈ ഹെല്‍ത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഇതുകൂടാതെ 150 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സജ്ജമായിട്ടുണ്ട്. അതില്‍ 50 ആശുപത്രികളാണ് പുതിയതായി ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 50 ആശുപത്രികളില്‍ കൂടി ഇ – ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെയും, എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി കേഡര്‍ രൂപീകരിക്കുന്നതിന്റെയും കെ – ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം ഇന്ന് (നവംബര്‍ 22 തിങ്കള്‍) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം 11, കൊല്ലം 4, പത്തനംതിട്ട 4, തൃശൂര്‍ 5, പാലക്കാട് 11, മലപ്പുറം 11, കണ്ണൂര്‍ 4 എന്നിങ്ങനെയാണ് പുതുതായി ആശുപത്രികളില്‍ ഇ – ഹെല്‍ത്ത് സംവിധാനമൊരുക്കിയിട്ടുള്ളത്.
ഇതോടൊപ്പം പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. ഏഴംകുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള മുഖ്യസന്ദേശം നല്‍കും. ആനിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം മാത്യു ടി.തോമസ് എംഎല്‍എ നിര്‍വഹിക്കും. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എല്‍.അനിതകുമാരി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മെഴുവേലി കുടുംബാരോഗ്യകേന്ദ്രത്തിലെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ രജനി അശോകന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ മുഖ്യസന്ദേശം നല്‍കും. കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്യും. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിജി മാത്യു കാര്‍ഡ് വിതരണം നടത്തും.