ദുബായ് : പട്ടിണി അതിരൂക്ഷമാവുകയും ഇസ്രായേൽ സഹായം വിലക്കുകയും ചെയ്ത ഗസ്സയിൽ തീരത്തോട് ചേർന്ന് താൽക്കാലിക തുറമുഖം പണിയുമെന്ന് അമേരിക്ക ഉറപ്പുനൽകി. സൈപ്രസിൽ നിന്ന് ഇവിടേക്ക് നേരിട്ട് സഹായം എത്തിക്കും. പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുക യു.എസ് സൈന്യമായിരിക്കും. എന്നാൽ ഗസ്സയുടെ മണ്ണിൽ കാലു കുത്താതെ കപ്പൽ കേന്ദ്രീകരിച്ചാകും യു.എസ് സൈനിക സാന്നിധ്യമെന്നും അമേരിക്ക വ്യക്തമാക്കി.
തുറമുഖം യാഥാർഥ്യമാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെങ്കിലും വടക്കൻ ഗസ്സയിലേക്കും മറ്റും കൂടുതൽ സഹായം എത്തിക്കാൻ മികച്ച മാർഗങ്ങളിലൊന്ന് ഇതാണെന്നും യു.എസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. എന്നാൽ എയർഡ്രോപ്പ് വഴിയും തുറമുഖം നിർമിച്ചും ഭക്ഷ്യസഹായം എത്തിക്കുന്നത് പ്രായോഗിക പ്രയാസം സൃഷ്ടിക്കുമെന്ന് യു.എൻ വ്യക്തമാക്കി. അതിർത്തിയിലൂടെ കൂടുതൽ ട്രക്കുകൾ കടത്തി വിടാൻ കഴിഞ്ഞില്ലെങ്കിൽ ആയിരങ്ങൾ മരണപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും യു.എൻ മുന്നറിയിപ്പ് നൽകി.