കോഴിക്കോട് : പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 81 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് മരണം സംഭവിച്ചത്.
കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർമാരിൽ പ്രമുഖനായിരുന്നു പുനലൂർ രാജൻ. കേരളത്തിലെ സാമൂഹ്യ സാഹിത്യ സംസ്കാരിക രംഗത്തെ പ്രമുഖരുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ഇദ്ദേഹമാണ് പകര്‍ത്തിയത്.
എസ്.എ. ഡാങ്കേ, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, പി.കെ. വാസുദേവൻ നായർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ.വി. കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെയൊക്കെ അത്യപൂർവചിത്രങ്ങൾ പകര്‍ത്തിയത് രാജനാണ്. ബഷീര്‍: ഛായയും ഓര്‍മ്മയും, എം.ടി.യുടെ കാലം എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.