മുംബൈ : ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനുനേരെ സാറാ സാറാ വിളികളുമായി ആരാധകര്‍. ശ്രീലങ്കന്‍ ടീം ബാറ്റ് ചെയ്യുന്നതിനിടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ആരാധകര്‍ ഗ്യാലറിയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറുടെ പേര് ഉറക്കെ വിളിച്ചത്. ഗില്ലും സാറയും തമ്മില്‍ ഡേറ്റിങിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇരവരും കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു റസ്റ്റോറന്‍റില്‍ നിന്ന് ഒരുമിച്ച് ഇറങ്ങിവരുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്നലെ ഇന്ത്യയുടെ മത്സരം കാണാന്‍ സാറ വിഐപി ഗ്യാലറിയിലെത്തുകയും ചെയ്തു.
92 റണ്‍സെടുത്ത ഗില്‍ പുറത്തായപ്പോള്‍ നിരാശയോടെ മുഖം പൊത്തുന്ന സാറയുടെ ദൃശ്യങ്ങളും പിന്നീട് എഴുന്നേറ്റ് നിന്ന് കൈയടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ആരാധകര്‍ സാറാ..സാറാ ചാന്‍റ് ഉയര്‍ത്തിയത്. എന്നാല്‍ സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ഗില്‍ പന്തിന്‍റെ ഇടവേളയില്‍ കുനിഞ്ഞിരുന്നപ്പോള്‍ പിന്നിലൂടെ അടുത്തേക്ക് പോയ കോലി ആരാധകര്‍ക്കു നേരെ നോക്കി ജേഴ്സിയിലെ ഗില്ലിന്‍റെ പേരിന് നേരെ വിരല്‍ ചൂണ്ടി ഗില്ലിന്‍റെ പേര് വിളിക്കാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഗില്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇതോടെ ആരാധകര്‍ സാറാ ചാന്‍റ് നിര്‍ത്തി ശുഭ്മാന്‍ ഗില്‍ എന്ന് ഉറക്കെ വിളിക്കാന്‍ തുടങ്ങി.